കൊച്ചി: കേരളാ പോലീസിനെ വലച്ച പള്‍സര്‍ സുനിയെ പോലീസ് കോടതിയിലെ പ്രതിക്കൂട്ടില്‍ നിന്നും ബലമായി കസ്റ്റഡിയിലെടുത്തു. കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജീഷിനെയും നായകീയമായാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും പോലീസിനെ വെട്ടിച്ച് കോടതിക്കകത്ത് വരെയെത്താന്‍ പ്രതികള്‍ക്കായി. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തെങ്കിലും പോലീസ് തങ്ങളുടെ നാണക്കേടൊഴിവാക്കിയെന്ന് വേണമെങ്കില്‍ പറയാം.
സുനി കീഴടങ്ങാന്‍ സാധ്യതയുള്ള എല്ലാ കോടതികളിലും പോലീസിനെ മഫ്തിയില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെ സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സാഹസികതയും പിരിമുറുക്കവും നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവിലാണ് പോലീസ് സുനിയേയും വിജീഷിനേയും പിടിച്ചത്. എറണാകുളം സിജെഎം കോടതി മതില്‍ച്ചാടി കടന്ന് കോടതി മുറിക്കുള്ളില്‍ കടന്നപ്പോഴാണ് മഫ്തിയിലുണ്ടായിരുന്ന പോലീസിനും സുനിയാണ് എന്ന് തിരിച്ചറിയാനായത്.
ഈ സമയം പ്രതികളെ നിര്‍ത്തുന്ന കോടതിമുറിക്കുളളിലെ കൂട്ടിലേക്ക് ഇവര്‍ ഓടിക്കയറി. മിന്നും വേഗത്തിലായിരുന്നു പോലീസിന്റെ പിന്നീടുള്ള നീക്കങ്ങള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പോലീസ് പാഞ്ഞെത്തി. സുനിയും വിജീഷും കോടതിമുറിയിലേക്ക് കടന്നയുടന്‍ അഭിഭാഷകന്‍ വാതിലടച്ചു. പോലീസ് ബലംപ്രയോഗിച്ച് വാതില്‍തുറക്കാന്‍ ശ്രമിച്ചത് അഭിഭാഷകര്‍ ചെറുത്തു.
കോടതിമുറിയില്‍ അതും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാളെ അറസ്റ്റ് ചെയ്യാനാകില്ല അത് നിയമവിരുദ്ധമാണെന്ന് അഭിഭാഷകര്‍ വാദിച്ചു. തടസ്സം നിന്ന അഭിഭാഷകരെ തള്ളിമാറ്റി വാതില്‍ ബലംപ്രയോഗിച്ച് തുറന്ന് പോലീസ് അകത്ത് കടന്നപ്പോള്‍ രണ്ട് പ്രതികളും പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്നു.
ഉച്ചഭക്ഷണത്തിനായി ചേംബറില്‍ നിന്ന് ജഡ്ജി പോയതാണ് പോലീസിനെ വന്‍നാണക്കേടില്‍ നിന്നും രക്ഷിച്ചത്. പോലീസ് പ്രതിക്കൂട്ടില്‍ നിന്ന് ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് രണ്ട് പേരെയും പുറത്തേക്കുകൊണ്ടുവന്നത്. ഇതിനിടെ വിജീഷ് പുറത്ത് കടക്കാനുള്ള ശ്രമവും നടത്തി. പക്ഷേ പോലീസ് കീഴടക്കി. രണ്ട് പേരെയും വാഹനത്തിലേക്ക് മാറ്റിയപ്പോള്‍ അത്യന്തം സസ്പെന്‍സ് നിറഞ്ഞ രംഗങ്ങള്‍ക്കാണ് കോടതി അങ്കണം സാക്ഷിയായത്. നിയമവിരുദ്ധമായാണ് പ്രതികളെ പിടിച്ചുകൊണ്ട് പോയതെന്ന് സുനിയുടെ വക്കീല്‍ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച രാത്രി നടിയെ ക്രൂരമായി ആക്രമിച്ച സംഭവം നടന്നത് മുതല്‍ കേരളവും പോലീസും പള്‍സര്‍ സുനിക്ക് പിന്നാലെയായിരുന്നു. ആക്രമണം ക്വട്ടേഷനാണെന്ന് സൂചന വന്നതോടെ സിനിമമേഖലയുമായി ബന്ധപ്പെട്ടും പല പേരിലേക്കും സംശയം നീണ്ടു. അപ്പോഴും കൃത്യം ചെയ്ത സംഘത്തിലുണ്ടായിരുന്ന പ്രധാനികളായ സുനിയും കൂട്ടാളി വിജീഷും കാണാമറയത്ത് തന്നെയായിരുന്നു. ഏതായാലും സുനിയെ കോടതിക്കുള്ളില്‍ നിന്ന് പിടികൂടിയതോടെ ക്വട്ടേഷന്‍ നല്‍കിയതാണോ അതോ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണോ നടന്നത് തുടങ്ങിയ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇനി കിട്ടേണ്ടത്.


