മോദിയ്‌ക്കെതിരെ അഴിമതി ആരോപണവുമായി രാഹുല്‍ഗാന്ധി; സഹാറാ ഗ്രൂപ്പില്‍ നിന്ന് കോടികള്‍ കൈക്കൂലി വാങ്ങി

ന്യൂഡല്‍ഹി: സാഹാറ ഗ്രൂപ്പില്‍ നിന്നും നരേന്ദ്രമോദി കോടികള്‍ കോഴയായി വാങ്ങിയതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഹാറ ഗ്രൂപ്പില്‍ നിന്നു മോദി കോഴയായി വാങ്ങിയതു ദശകോടികളാണെന്നു രാഹുല്‍ പറഞ്ഞു.ഒമ്പതു തവണയായാണു പണം കൈമാറിയത്. 2013ല്‍ 10 കോടി മൂന്നു തവണയായി കൈമാറി. 2014ല്‍ കൈമാറിയതു 15 കോടിയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

40 കോടിയിലേറെ രൂപയാണു മോദിക്കു സഹാറ ഗ്രൂപ്പു നല്‍കിയത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണു കോഴ കൈമാറിയത്. ആദായനികുതിവകുപ്പു നടത്തിയ റെയ്ഡില്‍ ഇതുസംബന്ധിച്ച രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013 ഒക്ടോബര്‍ 30ന് 2.5 കോടി രൂപയാണു മോദിക്കു കൈമാറിയത്. നവംബര്‍ 12ന് അഞ്ചുകോടി രൂപ കൈമാറി. നവംബര്‍ 27നു വീണ്ടും രണ്ടരക്കോടിയാണു നല്‍കിയത്. നവംബര്‍ 29ന് അഞ്ചുകോടി രൂപയും കൈമാറി. ഡിസംബര്‍ ആറിനും ഡിസംബര്‍ 19നും 2014 ജനുവരി 13നും അഞ്ചു കോടി രൂപ വീതം കൈമാറിയതായും രേഖകളുണ്ട്. 2014 ജനുവരി 28നും ഫെബ്രുവരി 22നും അഞ്ചു കോടി രൂപ വീതം പിന്നെയും കൈമാറിയിട്ടുണ്ടെന്നും രാഹുല്‍ ആരോപിക്കുന്നു.

2014 മെയിലാണു നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. ഇത്തവണ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ സമയത്തു രാഹുല്‍ മോദിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മോദി നേരിട്ട് അഴിമതിയില്‍ പങ്കാളിയായെന്നായിരുന്നു രാഹുലിന്റെ വാദം. പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചാല്‍ രാജ്യത്തു ‘ഭൂകമ്പം’ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

രാഹുലിനു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. അതിനു പിന്നാലെ രാഹുല്‍ പറയുന്നതു വെറും വിഡ്ഢിത്തമാണെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയെ പരിഹസിക്കാനും ബിജെപി സമയം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണു രാഹുല്‍ ഗാന്ധിയിപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

Top