കൂട്ടുകാരന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി വല്ലപ്പുഴ ചെടിയാര്‍ത്തൊടി വീട്ടില്‍ ഉസ്മാനാണ് പാലാക്കാട് പോലീസിന്റെ പിടിയിലായത്.
2015 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. പട്ടാമ്പി സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവായ 23കാരി ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന സമയത്ത് ഉസ്മാന്‍ സൗഹൃദം സ്ഥാപിച്ച് അടുത്തുകൂടുകയായിരുന്നു. തുടര്‍ന്ന് യുവതിയുമായി ഫോണില്‍ നിരന്തരം ബന്ധപെടുകയും ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്ന വ്യാജേന പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലെത്തിച്ച് ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.
ഭര്‍ത്താവ് ലോഡ്ജിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ കൊണ്ടുവന്നത്. തുടര്‍ന്ന് കത്തികാട്ടി കൊല്ലുമെന്ന് പറഞ്ഞായിരുന്നു പീഡനം. പീഡന ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാതെ ഇരിക്കണമെങ്കില്‍ 12 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പലതവണ പീഡനം ആവര്‍ത്തിച്ചു.
തുടര്‍ന്ന് ഭര്‍ത്താവിനോട് യുവതി കാര്യങ്ങള്‍ തുറന്നുപറഞ്ഞു. ഇരുവരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അതിനിടെ മുങ്ങിയ ഉസ്മാന്റെ ഫേസ്ബുക്ക് അക്കൗണ്ട് നിരീക്ഷിച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


