കൊച്ചി: എറണാകുളം നഗരത്തിലും പരിസരങ്ങളിലും പത്തുവര്‍ഷത്തിനിടെ നടന്ന ഒന്‍പതു കൊലപാതകങ്ങള്‍ക്കാണ് ഒടുവില്‍ തുമ്പുണ്ടായത്. റിപ്പര്‍ മോഡലില്‍ ഒന്‍പതുപേരെ കൊന്നയാള്‍ അറസ്റ്റില്‍. തേവര മമ്മാഞ്ഞിമുക്ക് കിണറ്റിങ്കല്‍ വീട്ടില്‍ പണിക്കര് കുഞ്ഞുമോന്‍ എന്നുവിളിക്കുന്ന സേവ്യര്‍(42) ആണ് ടൗണ്‍ നോര്‍ത്ത് പൊലീസിന്റെ പിടിയിലായ റിപ്പര്‍ കൊലപാതകി.
വഴിയരികില്‍ ഉറങ്ങുന്ന ഊരും പേരുമില്ലാത്തവരെ പോക്കറ്റടിക്കാനും കൊല്ലാനും സേവ്യര്‍ തുനിഞ്ഞത് കേസില്‍നിന്നും രക്ഷപ്പെടാനും കൂടിയാണ്. കൂലിപ്പണിക്കാരനായ സേവ്യര്‍ പല കേസുകളിലായി പലപ്പോഴായി അറസ്റ്റിലായിട്ടുമുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍, ടൗണ്‍ നോര്‍ത്ത് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ മയക്കുമരുന്നു കേസില്‍ സേവ്യര്‍ പിടിക്കപ്പെട്ടിട്ടുണ്ട്. കൊലപാതകം നടത്തിയശേഷം സ്വാഭാവികമായി പെരുമാറാനുള്ള കഴിവാണ് സേവ്യറിനെ സംശയിക്കാതിരിക്കാന്‍ പ്രധാന കാരണം. രാത്രി പട്രോളിങ്ങിനിടെ സേവ്യറിനെ പൊലീസ് പലവട്ടം പിടികൂടിയിട്ടുണ്ടെങ്കിലും സിനിമാ ടിക്കറ്റ്കാട്ടി രക്ഷപെടാറാണ് പതിവ്. മയക്കുമരുന്നിന്റെയും മദ്യത്തിന്റേയും അമിതമായ ഉപഭോഗംമൂലം ഇയാള്‍ക്ക് രാത്രി ഉറക്കം കുറവായിരുന്നു. സെക്കന്‍ഡ് ഷോ പതിവാക്കിയ സേവ്യര്‍ ഇടവേളയോടെ പുറത്തിറങ്ങും. അതിന് ശേഷമാണ് മോഷണവും കൊലയും.
ലഹരിക്കുള്ള പണത്തിനായാണ് മോഷണം. ഇത് സംഘര്‍ഷത്തിലും കൊലയിലേക്കും കാര്യങ്ങള്‍ എത്തിക്കും. സംഘര്‍ഷത്തിനുശേഷം തല്‍ക്കാലത്തേക്കു സ്ഥലംവിടുന്ന സേവ്യര്‍ അയാള്‍ ഉറങ്ങിയശേഷം 20 കിലോവരെയുള്ള കല്ലുമായെത്തി തലയിലേക്കിടും. മരണം ഉറപ്പാക്കിയശേഷമേ മടങ്ങൂ. ഇത്തരത്തില്‍ കല്ലിന് അടിയേറ്റവരില്‍ മിക്കവരും സംഭവസ്ഥലത്തുതന്നെ മരിക്കുന്നതിനാല്‍ മൊഴിയോ തെളിവുകളോ ലഭിച്ചിരുന്നില്ല. കൊലപാതകശേഷം അടുത്തദിവസം മുതല്‍ സ്വാഭാവിക ജീവിതത്തിലേക്കും ജോലിയിലേക്കും സേവ്യര്‍ കടക്കും. കൊലപാതകിയുടെ മാനസികാവസ്ഥയില്‍നിന്നു സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് കടക്കുന്നതിനാല്‍ സുഹൃത്തുക്കള്‍ക്കിടയില്‍പോലും സംശയം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കലൂര്‍ മണപ്പാട്ടി പറമ്പിനടുത്താണ് സേവ്യര്‍ ഏറെനാള്‍ താമസിച്ചിരുന്നത്. പിന്നീട് ഇവിടെനിന്നു തേവക്കലിലുള്ള സഹോദരിയുടെ വീട്ടിലേക്കു താമസം മാറ്റുകയായിരുന്നു.
എറണാകുളം ഇ.എസ്.ഐ. ആശുപത്രിക്കുസമീപം ഉണ്ണി(നെഞ്ചുണ്ണി) എന്നയാള്‍ കല്ലു കൊണ്ടുള്ള ഇടിയേറ്റ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെയാണ് സേവ്യര്‍ പിടിയിലായത്. വഴിയരികിലും റെയില്‍വേ പരിസരങ്ങളിലും കിടന്നുറങ്ങിയിരുന്ന എട്ടുപേരെക്കൂടി സമാനരീതിയില്‍ കൊന്നതായി ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിക്കുകയായിരുന്നു. ഈ മാസം ഒന്‍പതിനാണു റിപ്പര്‍മോഡല്‍ ആക്രമണത്തിനിരയായി നെഞ്ചും വാരിയെല്ലും തകര്‍ന്ന ഉണ്ണി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. അബോധാവസ്ഥയില്‍ ആയിരുന്നതിനാല്‍ ഉണ്ണിയുടെ മൊഴിയെടുക്കാനായില്ല. കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പ്രത്യേക പൊലീസ് സംഘം കല്ലു കൊണ്ടിടിച്ചുള്ള കൊലക്കേസുകളില്‍ പ്രതികളായവരെ നിരീക്ഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
അതിനിടെ കഴിഞ്ഞദിവസം എറണാകുളം ട്രാഫിക് ജങ്ഷനുസമീപം വഴിയരികില്‍ ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം നടന്നു. ആക്രമണത്തിനിരയായ വ്യക്തി നല്‍കിയ വിവരമാണ് അന്വേഷണം സേവ്യറിനെ കുരുക്കിയത്. കലൂര്‍ മണപ്പാട്ടിപ്പറമ്പിലെ സ്ഥിരം സാന്നിധ്യമായ സേവ്യറിനെ സംഭവശേഷം ഇവിടെ കാണാതിരുന്നതും ഇയാളെ സംശയനിഴലിലാക്കി. മദ്യപിക്കുന്നതിനിടെ ഉണ്ണിയുടെ പണം കവരാനുള്ള ശ്രമം തര്‍ക്കത്തിലേക്കു നയിച്ചെന്നും ഉണ്ണിയെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ചോദ്യംചെയ്യലില്‍ സേവ്യര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
2007 2016 വരെ ജില്ലയുടെ വിവിധഭാഗങ്ങളിലായി എട്ടുപേരെ സമാനരീതിയില്‍ കൊന്നതായി സേവ്യര്‍ സമ്മതിച്ചു. 2007ല്‍ തൃക്കാക്കര മുനിസിപ്പല്‍ ഷോപ്പിങ് കോപ്ലക്‌സിന് മുന്നില്‍ 75 വയസുള്ള വയോധികന്‍, 2008ല്‍ കലക്ടറേറ്റിനു സമീപമുള്ള ചായക്കടയ്ക്കു മുന്നില്‍ 40 വയസുകാരന്‍, കളമശേരിയില്‍ അബ്ദു ഖാദര്‍(70), വരാപ്പുഴ ചെറിയപള്ളിക്കു സമീപത്തുവച്ച് പ്രതാപചന്ദ്രന്‍(72), 2009ല്‍ ബ്രോഡ്‌വേയ്ക്കുസമീപം കടയരികില്‍വച്ച് തമിഴ്‌നാട് സ്വദേശി ചെകിടന്‍ എന്ന സന്താനം(60), മാര്‍ക്കറ്റ് റോഡില്‍വച്ച് തകര(60), 2014ല്‍ ആസാദ് റോഡില്‍ ചേരാതൃക്കോവിലിനു സമീപം പരമേശ്വരന്‍(70), 2015ല്‍ നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തിനു കീഴില്‍ തമിഴ്‌നാട് സ്വദേശി സെല്‍വം(28) എന്നിവരാണ് സേവ്യറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാത്രി വഴിയരികില്‍ കിടന്നുറങ്ങുന്നതിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റായിരുന്നു എല്ലാവരുടെയും മരണം.
മദ്യത്തിനും കഞ്ചാവിനുമായി രാത്രിയില്‍ വഴിയരികില്‍ കിടന്നുറങ്ങുന്നവരുടെ പണം തട്ടിയെടുക്കുന്നതു സേവ്യര്‍ പതിവാക്കിയിരുന്നു. ഇങ്ങനെയുണ്ടായ സംഘര്‍ഷങ്ങളാണ് എല്ലാ കൊലപാതകങ്ങളിലേക്കും നയിച്ചത്. ചോദ്യം ചെയ്‌ലിയനോട് സേവ്യര്‍ സഹകരിക്കാതിരുന്നതിനെത്തുടര്‍ന്ന് മനഃശാസ്ത്രവിദഗ്ധരുടെ സഹായവും പൊലീസ് തേടിയിരുന്നു. കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം ജില്ലയ്ക്കു പുറത്തേക്കു വ്യാപിപ്പിക്കാനാണ് തീരുമാനം.


