കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരെ കൊള്ളയടിച്ചു

കര്‍ണാടകയില്‍ വച്ചു കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നു ബംഗളൂരുവിലേക്ക് പോയ ബസിലെ യാത്രക്കാരാണ് ആക്രമിക്കപ്പെട്ടത്. ചിക്കനല്ലൂര്‍ പോലീസില്‍ യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. നാലാംഗ സംഘമാണ് യാത്രക്കാരെ കൊള്ളയടിച്ചതെന്നാണ് വിവരം. ഇവര്‍ ബൈക്കുകളിലാണ് എത്തിയതെന്നും യാത്രക്കാര്‍ പറയുന്നു. യാത്രക്കാരുടെ പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയതായി പോലീസിനു നല്‍കിയ പരാതിയില്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ബസ് ചിക്കനെല്ലൂര്‍ എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് മോഷ്ടാക്കള്‍ ബസില്‍ കയറിയത്. പ്രാഥമിക ആവശ്യത്തിനായി ഡ്രൈവര്‍ ബസ് റോഡരികില്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ നാലംഗ സംഘം ബസിലേക്കു കയറുകയായിരുന്നു. യാത്രക്കാരെന്ന തരത്തില്‍ ബസില്‍ കയറിപ്പറ്റിയ ഇവര്‍ പിന്നീട് ആയുധങ്ങള്‍ പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ബസിലുള്ള യാത്രക്കാരുടെ കഴുത്തില്‍ ആയുധങ്ങള്‍ വച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. ബസിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം.

Top