പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി ഒളിച്ചോടി: 24 കാരിയായ യുവതി ഒളിച്ചോടിയത് ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പത്തൊൻപതുകാരനൊപ്പം; കാമുകനെ യുവതി പരിചയപ്പെട്ടത് റംസിയക്കായി രൂപീകരിച്ച വാട്സപ്പ് ഗ്രൂപ്പിൽ വച്ച്

കൊല്ലം : പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യചെയ്ത റംസിയുടെ സഹോദരി ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് വാട്സപ്പ് കാമുകനൊപ്പം ഒളിച്ചോടി. റംസിയുടെ മരണത്തില്‍ നീതി ലഭ്യമാക്കുവാന്‍ രൂപീകരിച്ച വാട്ട്‌സാപ്പ് കൂട്ടായ്മയിലെ അംഗമായ 19 കാരനുമായാണ് 24 കാരി അന്‍സി ഒളിച്ചോടിയത്.

കൊല്ലത്താണ് സംഭവം. കഥാനായിക യുവതിയെ പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ ജനുവരി 18 നാണ് അന്‍സിയെ കാണാതാകുന്നത്. അന്‍സിയുടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇരവിപുരം പൊലീസില്‍ ഭര്‍ത്താവ് മുനീര്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അന്‍സി അവസാനം വിളിച്ച ഫോണ്‍ കോളുകളില്‍ നിന്നും നെടുമങ്ങാട് സ്വദേശിയുടെ നമ്പര്‍ കണ്ടെത്തുകയായിരുന്നു.

മൂവാറ്റുപുഴയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്‍സിയുടെ സഹോദരിയുടെ മണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗമായ ഇയാള്‍ അന്‍സിയുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകനായിരുന്നു. ഇതിനിടയിലാണ് ഇരുവരും തമ്മിലടുക്കുന്നതും പ്രണയത്തിലാകുന്നതും. സ്വന്തം ഇഷ്ടപ്രകാരമാണ് അന്‍സി പോയതെങ്കിലും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ പോയതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബര്‍ 3നാണ് പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു അന്‍സിയുടെ സഹോദരി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടൈന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വരികയും തുടര്‍ന്ന് ഒരു വാട്ട്‌സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയുമായിരുന്നു. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി അന്‍സിയുടെ അഭിമുഖങ്ങള്‍ക്കു വന്‍ പ്രചാരണം ലഭിച്ചിരുന്നു. റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നു.

Top