മോസ്‌കോ: സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ കടല്‍മാര്‍ഗവും റഷ്യയുടെ ആക്രമണം. കാസ്പിയന്‍ കടലില്‍ നിന്നും നാല് യുദ്ധകപ്പലുകളാണ് ഐഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്തത്. ഇറാന്‍, ഇറാഖ് വ്യോമാതിര്‍ത്തികള്‍ കടന്ന് 1500 കിലോമീറ്റര്‍ പിന്നിട്ട മിസൈലുകള്‍ സിറിയയിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും റഷ്യ അവകാശപ്പെട്ടു.
ഇറാന്‍-റഷ്യ അതിര്‍ത്തിയിലുള്ള കാസ്പിയന്‍ കടലില്‍ നിന്ന് നാല് റഷ്യന്‍ പടക്കപ്പലുകളാണ് കടല്‍മാര്‍ഗമുള്ള ആക്രമണത്തിന് തുടക്കം കുറിച്ചത്. സിറിയയിലെ 11 ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കി 26 ക്രൂസ് മിസൈലുകളാണ് കപ്പലുകള്‍ തൊടുത്തത്. 1500 കിലോമീറ്ററുകള്‍ കടന്ന് മിസൈലുകള്‍ ലക്ഷ്യസ്ഥാനം തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയഗോ അവകാശപ്പെട്ടു. അതേസമയം, റഷ്യയുടെ വ്യോമ സഹായത്തോടെ സിറിയന്‍ സേന ശക്തമായി കരയാക്രമണവും ആരംഭിച്ചിട്ടുണ്ട്.
സിറിയന്‍ സൈന്യത്തിന് കരയാക്രമണം നടത്താന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും വ്യോമസഹായം നല്‍കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ വ്യക്തമാക്കി. ഹമ പ്രവിശ്യയിലാണ് റഷ്യയുടെ സഹായത്തോടെ അസദിന്റെ സൈന്യം ശക്തമായ ആക്രമണം ആരംഭിച്ചത്. വിമത ശക്തികേന്ദ്രമാണ് ഇവിടെ.
കഴിഞ്ഞയാഴ്ച്ച തുടങ്ങിയ റഷ്യന്‍ വ്യോമാക്രമണം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഐഎസിന്റെ 112 കേന്ദ്രങ്ങള്‍ തകര്‍ത്തതായി റഷ്യ അവകാശപ്പെടുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിലുപരി സിറിയയിലെ വിമത സേനയെയാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് പാശ്ചാത്യ സേന ആരോപിച്ചിരുന്നു.
സിറിയയിലെ ഹമ, ഇദ്‌ലിബ് പ്രവിശ്യകളിലാണ് റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമായി നടക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു.