ശബരിമല യുവതീപ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഏപ്രില്‍ ഏഴ് മുതല്‍ 22 വരെ വാദം കേള്‍ക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ഒന്‍പതംഗ ബെഞ്ച് പുനസംഘടിപ്പിക്കും.മറ്റൊരു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസ് പൂർത്തിയായ ഉടൻ ശബരിമല കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും തങ്ങളുടെ രേഖാമൂലമുള്ള വാദങ്ങൾ 2026 മാർച്ച് 14-നോ അതിനുമുമ്പോ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ശബരിമല യുവതീ പ്രവേശന കേസ് അവസാനമായി വാദം കേട്ടതിന് ശേഷം വലിയൊരു കാലതാമസം ഉണ്ടായതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരിയിൽ ഈ കേസ് പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്നവരിൽ താൻ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളതെന്നും മറ്റുള്ളവർ വിരമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധിയും ജഡ്ജിമാരുടെ ആരോഗ്യപ്രശ്നങ്ങളും കാരണം ഒമ്പതംഗ ബെഞ്ചിന് ഒരുമിച്ച് ഇരിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹർജികളിൽ ഭരണഘടനാപരമായ ചോദ്യങ്ങൾ വിശാലമായ ബെഞ്ചിന് വിടാമെന്ന 2020 ഫെബ്രുവരിയിലെ വിധി നിലനിൽക്കുമെന്നും ഇക്കാര്യത്തിൽ ഇനി തർക്കങ്ങൾ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ കേള്‍ക്കും. ഏപ്രില്‍ 21ന് മറുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 22ഓടുകൂടി വാദം അവസാനിപ്പിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ വിവരങ്ങള്‍ അറിയിക്കും. വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചിരുന്നു. ഇനി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടായിരിക്കും പ്രധാനം.
സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തെങ്കിലും 2018ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച നിലപാടാണ് സുപ്രീം കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചിരുന്നത്.
നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് നിര്‍ണായകമാണ്. പഴയ നിലപാടില്‍ തുടരുമോ അതോ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യത്തോട് നിലപാട് പറയേണ്ട സമയത്ത് പറയുമെന്നും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി.










