കൊച്ചി :ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കൊല്ലം വിജിലന്‍സ് കോടതി. ഇദ്ദേഹം ഉൾപ്പെട്ട രണ്ടു കേസുകളിലും ജാമ്യം ലഭിച്ചു. അറസ്റ്റിലായി 41-ാം ദിവസമാണ് ജാമ്യം.തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും ഉൾപ്പെടെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഇതിനകം തന്നെ ഗണ്യമായ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എസ്‌ഐടിയുടെ അഭിപ്രായത്തിൽ, ഈ അക്കൗണ്ടുകളുടെ വിവരം ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടില്ല.
ഫെബ്രുവരി 10ന് നടന്ന വാദത്തിൽ, സമാനമായ നിരവധി രഹസ്യ അക്കൗണ്ടുകൾ നിലവിലുണ്ടാകാമെന്ന് പ്രോസിക്യൂഷൻ ആശങ്ക പ്രകടിപ്പിക്കുകയും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് വാദിക്കുകയും ചെയ്തിരുന്നു.
തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ, ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
അതേസമയം, കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടിയിരിക്കുകയാണ് എ പത്മകുമാർ. 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായി, ദ്വാരപാലക ശില്പ കേസിൽ റിമാൻഡിൽ തുടരുന്നതിനിടയിലാണ് ജാമ്യം തേടൽ. നാളെ വിജിലൻസ് കോടതി പത്മകുമാറിന്റെ ഹർജി പരിഗണിക്കും. കെ പി ശങ്കർദാസിന്റെ രണ്ട് ജാമ്യഹർജികൾ 23 ന് പരിഗണിക്കും. ശങ്കർദാസിന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി.


