കൊച്ചി: ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍.
എസ്‌ഐടിയുടെ കൂടിയാലോചനയ്ക്ക് ശേഷമാണ് നടപടി. എ പത്മകുമാറിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്നു എന്‍ വിജയകുമാറും കെപി ശങ്കര്‍ദാസും. ഇരുവരുടെയും അറസ്റ്റ് നടത്താത്തതിനെതിരെ ഹൈക്കോടതി ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന നടപടിയാണ് എസ്‌ഐടിയുടെ ഈ അറസ്റ്റ്. നേരത്തെ വിജയകുമാറിന് എസ്‌ഐടി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. തുടര്‍ന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
2019ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍ വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവര്‍ക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. മറ്റ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ഇരുവരെയും മുന്‍പ് എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.
താന്‍ ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് പത്മകുമാര്‍ തനിയെയെന്നും വിജയകുമാര്‍ പ്രതികരിച്ചു.സമ്മര്‍ദ്ദം താങ്ങാനായില്ലെന്നും വിജയകുമാര്‍ പറഞ്ഞു. കുടുംബമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. മുന്‍കൂര്‍ ജാമ്യ അപേക്ഷ പിന്‍വലിച്ച ശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തുകയായിരുന്നു – വിജയകുമാര്‍ പറഞ്ഞു.
നേരത്തെ വിജയകുമാറിനെയും കെ പി ശങ്കരദാസിനെയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ അറസ്റ്റ് സാധ്യത മുന്‍കൂട്ടി കണ്ട് ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് വിജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ കൈമാറിയ നടപടിയില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് മുന്‍ പ്രസിഡന്റ് എ. പത്മകുമാറും മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ബോര്‍ഡ് അംഗങ്ങളുടെ കൂട്ടത്തരവാദിത്തമാണ് കോടതിയും ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ശബരിമല സ്വര്‍ണക്കൊളള കേസില്‍ എന്‍ വിജയകുമാറിനും മുന്‍ ദേവസ്വം ബോര്‍ഡ് അംഗമായ കെ പി ശങ്കരദാസിനുമെതിരെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയുണ്ടായിരുന്നു. ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. സ്വര്‍ണപ്പാളി കൈമാറാനുള്ള പത്മകുമാറിന്റെ തീരുമാനത്തെ ബോര്‍ഡ് അംഗീകരിച്ചതിനും തെളിവുകള്‍ കണ്ടെത്തിയിരുന്നു.
വിവേചനമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് എസ്ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു കാരണവശാലും കുറ്റവാളികളെ വേര്‍തിരിച്ച് കാണരുതെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പത്മകുമാറിനൊപ്പം ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ക്രിമിനല്‍ ഉത്തരവാദിത്തം ഉണ്ടെന്ന് പറഞ്ഞ കോടതി അന്വേഷണം ഫലപ്രദമല്ല എന്നും നിരീക്ഷിച്ചിരുന്നു.










