ബി.ജെ.പിക്കും മോദിക്കും കുടുക്ക് !..ശബരിമല യുവതീപ്രവേശനത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ പ്രധാനമന്ത്രി സ്ത്രീവിരുദ്ധനാകും.

പത്തനംതിട്ട:ശബരിമലയില്‍ യുവതീപ്രവേശനത്തിന് സ്‌റ്റേ കിട്ടിയില്ലെങ്കില്‍ ബി.ജെ.പി. കുടുങ്ങും.വിധി സുപ്രീം കോടതി 13 നു സ്‌റ്റേ ചെയ്തില്ലെങ്കില്‍ അതു ബി.ജെ.പിക്കു കടുത്ത തിരിച്ചടിയായി മാറും. യുവതീപ്രവേശനം അനുവദിച്ചതിനെ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴും അംഗീകരിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനമെങ്കില്‍ ബി.ജെ.പി, ആര്‍.എസ്.എസ്, എന്‍.എസ്.എസ്. തുടങ്ങിയ സംഘടനകള്‍ നടത്തിയ സമരങ്ങള്‍ വെറുതെയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനു ലഭിക്കുന്ന അംഗീകാരംകൂടിയായി അതു മാറും.കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനത്തിനെതിരേ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുമെന്നിരിക്കെ ബി.ജെ.പി. കേരള ഘടകത്തെയാകും അത് ഏറെ പ്രതികൂലമായി ബാധിക്കുക. ആചാരസംരക്ഷണത്തിനു കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണമെന്നു കോണ്‍ഗ്രസ് ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, ക്ഷേത്രം സ്‌റ്റേറ്റ് ലിസ്റ്റിലായതിനാല്‍ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ലെന്നാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ നിലപാട്. ഓര്‍ഡിനന്‍സ് ഇറക്കണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടാല്‍മാത്രമേ കേന്ദ്രത്തിന് അതിനു കഴിയുകയൂവെന്നും ബി.ജെ.പി. വാദിക്കുന്നു. ഇതു ശരിയല്ലെന്നാണ് പ്രമുഖ അഭിഭാഷകനായ കെ. രാംകുമാര്‍ അടക്കമുള്ള നിയമജ്ഞരുടെ അഭിപ്രായം. ശബരിമല ക്ഷേത്രം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ നിയമനിര്‍മ്മാണത്തിലൂടെ ആചാരം കാക്കാന്‍ കഴിയുമെന്നും അല്ലെങ്കില്‍ രാജ്യാന്തര ആരാധനാകേന്ദ്രമായ ശബരിമലയെ കേന്ദ്രസര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കുന്നു.

പോണ്ടിച്ചേരിയില്‍ അരവിന്ദോ ആശ്രമം ഏറ്റെടുത്ത രീതിയില്‍ ശബരിമല ക്ഷേത്രവും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്താല്‍ അതു വന്‍ വികസനത്തിനു വഴിയൊരുക്കുമെന്നാണ് ഭക്തരുടെ പ്രതീക്ഷ. കേരള സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വലിയ തിരിച്ചടിയാകുകയും ചെയ്യും. എന്നാല്‍, ശബരിമല യുവതീപ്രവേശനത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ കോണ്‍ഗ്രസ് അതു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്ത്രീവിരുദ്ധ നിലപാടായി ചൂണ്ടിക്കാട്ടി പ്രചാരണം ശക്തമാക്കാന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളെയും അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെയും ഇതു പ്രതികൂലമായി ബാധിക്കുമെന്നും ബി.ജെ.പി. ഭയപ്പെടുന്നു.

ആര്‍.എസ്.എസും ബി.ജെ.പിയും തുടക്കത്തില്‍ ശബരിമലയില്‍ യുവതീപ്രവേശനം നടപ്പാക്കണമെന്ന ആശയത്തെ അനുകൂലിച്ചിരുന്നു. കേസ് കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ രാഹുല്‍ ഈശ്വര്‍, എന്‍.എസ്.എസ്, റെഡി ടു വെയ്റ്റ് കാമ്പയിനു പിന്നില്‍ പ്രവര്‍ത്തിച്ച യുവതികള്‍ എന്നിവര്‍മാത്രമാണ് യുവതീപ്രവേശനത്തിനെതിരേ ശക്തമായി രംഗത്തെത്തിയത്. അക്കാലത്തു രാഹുല്‍ ഈശ്വരും ആര്‍.എസ്.എസ്. അനുഭാവികളും തമ്മില്‍ സാമൂഹികമാധ്യമങ്ങളില്‍ നടത്തിയ തര്‍ക്കങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സുപ്രീം കോടതി വിധി വന്നതോടെ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെത്തുടര്‍ന്നാണ് ബി.ജെ.പിയും ആര്‍.എസ്.എസും വിശ്വഹിന്ദുപരിഷത്തും പ്രക്ഷോഭത്തിനു നിര്‍ബന്ധിതരായത്.

ശബരിമലയുടെ കാര്യത്തില്‍ ഓര്‍ഡിനന്‍സുമായി മുന്നോട്ടുവന്നാല്‍ അതു ബി.ജെ.പിക്കു ശക്തമായ വേരോട്ടമുള്ള വടക്കേ ഇന്ത്യയില്‍ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. സുപ്രീം കോടതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുംമുമ്പ്, വരുന്ന ആറിനു പ്രതിഷ്ഠാദിന മഹോത്സവത്തില്‍തന്നെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം. പത്തു സ്ത്രീകളെ മലചവിട്ടിക്കാന്‍ സി.പി.എം. തയാറാക്കിയതായി സൂചനയുണ്ട്.

Top