തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരണവുമായി മുന്‍ എംഎല്‍എയും ഭര്‍ത്താവുമായ കെ.എസ്. ശബരീനാഥന്‍. ദിവ്യയുടെ അഭിപ്രായം വ്യക്തിപരമെന്നും എന്നാല്‍ കുറച്ചുകൂടി അവധാനത വേണമായിരുന്നുവെന്നും ശബരീനാഥന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അടക്കം ദിവ്യയ്‌ക്കെതിരെ പ്രതികരണവുമായി വന്നു. കോണ്‍ഗ്രസ് നേതൃത്വവും പ്രതിഷേധത്തിലാണ്. അതിനിടെ കെ.കെ.രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റിലെ വിമര്‍ശനത്തിന് മറുപടിയുമായി ദിവ്യ എസ്.അയ്യര്‍ വീണ്ടും രംഗത്തു വന്നു. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാന്‍ പ്രയാസം വേണ്ട. ഒന്നര വര്‍ഷമായി താന്‍ നേരിടുന്ന വിമര്‍ശനത്തിന് കാരണം ഈ പ്രകൃതമാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ദിവ്യ പറഞ്ഞു. നമ്മളാരും എല്ലാം തികഞ്ഞവരല്ല. നമുക്ക് ചുറ്റുമുള്ളവരില്‍ നന്മയും നമുക്ക് പഠിക്കാനുള്ള നിരവധി കാര്യങ്ങളും ഉണ്ടാകും. എത്ര വിചിത്രമായ ലോകമാണിതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ ഭര്‍ത്താവ് നിലപാട് വിശദീകരിച്ചെത്തിയത്.
രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നാണ് ശബരിയുടെ പ്രതികരണം. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാൽ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സർക്കാർ തലത്തിൽ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറി. അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥൻ വിവരിച്ചു.
കർണന് പോലും അസൂയ തോന്നുന്ന കെ കെ ആർ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള രാഗേഷിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ദിവ്യ എസ് അയ്യർ ഇന്നലെ പുകഴ്ത്തിയത്. കെ മുരളീധരനും യൂത്ത് കോൺഗ്രസ് നേതാക്കളുമടക്കം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ശബരിയുടെ പ്രതികരണം.
സര്‍ക്കാരിനുവേണ്ടി രാപകല്‍ അധ്വാനം ചെയ്യുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശ്യപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്. മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഒപ്പം നില്‍ക്കണം എന്നുള്ളത് ഉദ്യോഗസ്ഥ ധര്‍മമാണ്. അതിന്റെ ഭാഗമായി പോസിറ്റീവ് വാക്കുകള്‍ പറയുന്നതില്‍ തെറ്റില്ല. സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ, രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാല്‍ത്തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്നു സര്‍ക്കാര്‍ തലത്തില്‍നിന്നു രാഷ്ട്രീയതലത്തിലേക്കു മാറി.
അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായത്. എന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വിശിഷ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു ധാരാളം നിയമപരമായ സംരക്ഷണങ്ങളുണ്ട്. അതിനോടൊപ്പം ചില ചട്ടക്കൂടുകളുമുണ്ട്. ഈ ചട്ടക്കൂടുകള്‍ നിര്‍മിച്ചിരിക്കുന്നത് എക്‌സിക്യൂട്ടീവിന്റെ സുഗമമായ പ്രവര്‍ത്തനത്തിനാണ്. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു. സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്നവര്‍ ആകുമ്പോള്‍ ജനങ്ങള്‍ നമ്മളെ സൂക്ഷ്മമായി വീക്ഷിക്കും എന്നുള്ളത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഈ പോസ്റ്റ് വിവാദമായത്. മറ്റൊരു ഉദ്യോഗസ്ഥയായിരുന്നെങ്കില്‍ ഒരുപക്ഷേ, ആരും മൈന്‍ഡ് ചെയ്യില്ലായിരുന്നു. ഈ വിഷയം മാത്രമല്ല, നാളെ എന്നെക്കുറിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ രാഷ്ട്രീയമായി വിമര്‍ശിച്ചുകൊണ്ടോ പുകഴ്ത്തിയോ എഴുതുന്നതും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം” – ശബരീനാഥന്‍ പറഞ്ഞു.








