ആറ്റിങ്ങല്‍ എംപിയായിരുന്ന എ.സമ്പത്തിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചരിത്രത്തില്‍ ഇല്ലാത്ത തസ്തിക ഉണ്ടാക്കി തോറ്റ എംപിമാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മത്സരിച്ച 20 പേരില്‍ 19 പേരും തോറ്റതിന്റെ ആഘാതം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശൂന്യതയില്‍ നിന്നും സ്ഥാനമാനങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതെന്നും ആക്ഷേപം ഉയരുന്നു.
കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കില്‍ സമ്പത്തിനെ നിയമിച്ചത്. ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റസിഡന്റ് കമ്മീഷണറടക്കമുള്ള ഔദ്യോഗിക സംവിധാനമുള്ളപ്പോള്‍ നടത്തിയ നിയമനം ധൂര്‍ത്താണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
കേന്ദ്ര സർക്കാരിൻ്റെ വലിയ വിമർശകനായ സമ്പത്തിന് സാധിക്കാത്ത കാര്യത്തിലാണ് നിയമനമെന്നും വിമർശനമുയരുന്നു. ഡല്‍ഹിയില്‍ പ്രത്യേക ഓഫീസും മറ്റ് സംവിധാനങ്ങളോടെയുമാണ് സമ്പത്തിന്റെ നിയമനം. രണ്ട് അസിസ്റ്റന്റുമാരും ഒരു പ്യൂണും ഒരു ഡ്രൈവറും സര്‍ക്കാര്‍ വാഹനവും സമ്പത്തിന് ലഭിക്കും.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ചീഫ് സെക്രട്ടറി റാങ്കിലുള്ള നിയമനത്തിന് അംഗീകാരം നല്‍കിയത്. കേന്ദ്ര സര്‍ക്കാരും മറ്റ് സംസ്ഥാനങ്ങളുമായുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് ചുമതല. വിവിധ മേഖലകളിലെ കേന്ദ്ര സഹായം വേഗത്തില്‍ നേടിയെടുക്കുന്നതിന് പുതിയ നിയമനം ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
തുടര്‍ച്ചയായി 10 വര്‍ഷം ആറ്റിങ്ങല്‍ നിന്നുള്ള ലോക് സഭാംഗമായിരുന്ന സമ്പത്ത്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോടാണ് പരാജയപ്പെട്ടത്. ഡല്‍ഹിയിലെ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിലവില്‍ റസിഡന്റ് കമ്മീഷണറുടെ നേത്യത്വത്തില്‍ ഔദ്യോഗിക സംവിധാനമുണ്ട്. ഇത് മറികടന്നുള്ള നിയമനം ഇതിനോടകം തന്നെ വിമര്‍ശനവിധേയമായിട്ടുണ്ട്.


