ഒറ്റ വസ്ത്രത്തിൽ ഇരുപത്തൊന്ന് ദിവസം ഷൂട്ടിംഗ്; കൗണ്‍സിലിംഗിന് വരെ പോകേണ്ടിവന്ന കഥാപാത്രത്തെക്കുറിച്ച് സംയുക്ത മേനോന്‍

തീവണ്ടി എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോന്‍. എന്നാല്‍ സംയുക്തയുടെ ആദ്യ ചിത്രമല്ല തീവണ്ടിയെന്ന് പലര്‍ക്കും അറിയില്ല. പ്രശോഭ് വിജയന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ലില്ലി എന്ന ചിത്രത്തിന് വേണ്ടിയാണ് സംയുക്ത ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ വേഷമായിരുന്നു സംയുക്തയ്ക്ക് ലില്ലിയില്‍. കഥാപാത്രം തന്റെ ജീവിതത്തില്‍ തന്നെ ഒട്ടനവധി കുഴപ്പങ്ങള്‍ സൃഷ്ടിച്ചതായി സംയുക്ത വെളിപ്പെടുത്തിയിരിക്കുകയാണ്.

സംയുക്തയുടെ വാക്കുകള്‍ ഇങ്ങനെ….

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍പ് രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായും ഒരു ടീമിന്റെ ഭാഗമാകുന്നത് ലില്ലിയുടെ സെറ്റില്‍ എത്തിയതോടെയാണ്. ചെയ്യുന്ന സിനിമയെപ്പറ്റി ആദ്യാവസാനം ഓരോ ആര്‍ട്ടിസ്റ്റും അറിഞ്ഞിരിക്കണമെന്ന് സംവിധായകന്‍ പ്രശോഭ് വിജയന് നിര്‍ബന്ധമായിരുന്നു. സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും പറ്റി പറഞ്ഞുതന്നത് കൂടാതെ ക്യാമറ, ലെന്‍സുകള്‍, ഷോട്ട് ഡിവിഷന്‍ തുടങ്ങി സാങ്കേതിക വശങ്ങളെ പറ്റിപോലും പറഞ്ഞുതരുമായിരുന്നു.

ഇതെല്ലാംകൊണ്ടുതന്നെ ഇത് എന്റെ കൂടി സിനിമയാണ് എന്നൊരു തോന്നല്‍ എല്ലാവരിലും ഉണ്ടായിരുന്നു. വെറുതെ പെര്‍ഫോം ചെയ്യുക മാത്രമായിരുന്നില്ല അതില്‍. കഥാപാത്രത്തിന്റെ മാനസിക നില അറിഞ്ഞു സ്വന്തമായി ആലോചിച്ചു വേണ്ടത് ചെയ്യുക എന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇതെല്ലാം സിനിമയോടുള്ള ഇഷ്ടം കൂടുന്നതിന് സഹായിച്ചു.

ഗര്‍ഭിണിയായ സ്ത്രീയുടെ വേഷം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അത്തരത്തില്‍ ഉള്ള ഒരാളുടെ നടത്തവും രീതികളും മറ്റും മനസ്സിലാക്കുന്നതിനായി ആശുപത്രിയിലെ മറ്റേര്‍നിറ്റി വാര്‍ഡില്‍ പോവുകയുണ്ടായി. നടക്കുന്ന രീതിയും കുനിയുന്ന രീതിയും എല്ലാം ഇങ്ങിനെയാണ് മനസിലാക്കിയത്. അവിടെ നിന്നാണ് പലര്‍ക്കും കാലില്‍ നീരുണ്ടാകുമെന്നും ശരീരത്തിനു ചൂട് കൂടുതല്‍ ആയിരിക്കുമെന്നുമൊക്കെ മനസിലായത്.

ഇതെല്ലാം കഥാപാത്രത്തിന് ഒരു സ്വാഭാവികത കൊണ്ടുവരുന്നതിന് സഹായിച്ചു. കുറേ തയ്യാറെടുപ്പുകള്‍ നടത്തിയതിനാലാവണം ലില്ലിയിലെ കഥാപാത്രത്തില്‍ നിന്ന് പുറത്ത് കടക്കാനും കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. അഭിനയിക്കുമ്പോള്‍ ശരീരത്തില്‍ മുറിവുകളും മറ്റും വന്നിരുന്നു. സെറ്റില്‍ ഏതാണ്ട് എല്ലാവര്‍ക്കും പനിയും പിടിപെട്ടു. കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കുന്നതിന് കൗണ്‍സിലിംഗിന് പോലും പോകേണ്ടി വന്നു.

കൂടാതെ പെട്ടെന്നൊരു മാറ്റം വേണം എന്ന് തോന്നിയതിനാല്‍ മുടി മുറിച്ചു കളയുകയും ചെയ്തു. ഇരുപത്തിയൊന്നു ദിവസം ഒരേ വസ്ത്രമണിഞ്ഞാണ് അഭിനയിച്ചത്. അതാകട്ടെ ചോരയും മറ്റും ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പറ്റിപിടിച്ച് ആകെ വൃത്തികേടും. ചോക്കലേറ്റും ഗ്രേപ് ജ്യൂസും മറ്റു ചില വസ്തുക്കളുമാണ് ചോരയും മറ്റും ചിത്രീകരിക്കാന്‍ ഉപയോഗിച്ചതെങ്കിലും പത്തു ദിവസം കഴിഞ്ഞപ്പോഴേക്കു വസ്ത്രത്തിന് നാറ്റം വന്നുതുടങ്ങി.

ദേഹത്തിടുമ്പോള്‍ ചൊറിച്ചിലും. ഒരേ വസ്ത്രം ധരിച്ച് അഭിനയിച്ചതിനാല്‍ പിന്നീട് ചികിത്സ തേടേണ്ടിവന്നു. എന്നാല്‍ വെല്ലുവിളി നിറഞ്ഞ ലില്ലിയിലെ ടൈറ്റില്‍ കഥാപാത്രം തന്നെ കൂടുതല്‍ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതിന് പാകപ്പെടുത്തുകയാണ് ചെയ്തതെന്നാണ് സംയുക്തയുടെ പക്ഷം.

Top