ഭയത്തിൻ്റെ ആവരണം തീർത്ത് ചോലയുടെ ട്രയിലർ; നിമിഷ സജയൻ്റെ മികച്ച പ്രകടനം

വ്യത്യസ്തമായ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്‍. സാമൂഹ്യ പ്രസക്തിയുള്ള ചിത്രങ്ങൾ പലപ്പോഴും വിവാദങ്ങൾക്കും വഴിവച്ചിട്ടുണ്ട്. പുതുതായി സംവിധാനം ചെയ്യുന്ന ചിത്രവും ഇത്തരത്തിലുള്ളതാണെന്ന സൂചനയാണ് പുറത്തുവിട്ട ട്രയിലർ നൽകുന്നത്.

നിമിഷ സജയനും ജോജു ജോര്‍ജും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം കാഴ്ച്ചക്കാരില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാല്‍ സമ്പന്നമാണ്. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചത്.

ഒഴിവു ദിവസത്തെ കളി, എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രമാണ് ചോല. ചിത്രം വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് നിര്‍മ്മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്. അജിത് ആചാര്യയാണ് ഛായാഗ്രഹണം.

Top