ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സരിത എസ് നായര്‍; സോളാര്‍ കേസില്‍ പുതിയ ട്വിസ്റ്റ്….

തിരുവനന്തപുരം: സോളാര്‍ കേസില്‍ വഴിത്തിരിവായി സരിത നായര്‍ എഴുതിയ കത്തുകള്‍ പുറത്ത്. രാഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് എഴുതിയ കത്തിന് പിന്നാലെയാണ് ഈ കാര്യങ്ങള്‍ നിഷേധിച്ചും സരിത കത്തെഴുതിയത്. പീഡിപ്പിച്ചെന്ന് ആരോപിച്ചെഴുതിയ കത്തിലെ വിവരങ്ങള്‍ കോടതിയിലും പിന്നീട് വനിതാ പോലീസ് സ്‌റ്റേഷനിലും സരിത നിഷേധിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒരു ചാനല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്നതിനിടെ 2013 ജൂലായ് 13നാണ് സരിത നായര്‍ ആദ്യ കത്തെഴുതിയത്. ഈ കത്തില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നാണ് സോളാര്‍ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ കത്തിലെ വിവരങ്ങള്‍ നിഷേധിച്ചുകൊണ്ട് സരിത എഴുതിയ മറ്റു രണ്ട് കത്തുകള്‍ സോളാര്‍ കമ്മീഷന്‍ ഗൗരവകരമായി എടുത്തില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. കോണ്‍ഗ്രസ് നേതാക്കളടക്കം ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് സോളാര്‍ കമ്മീഷനെതിരെ രംഗത്ത് വന്നിരിക്കുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്നതിനിടെയാണ് സരിത എസ് നായര്‍ മൂന്നു കത്തുകളും എഴുതിയത്. 2013 ജൂലായ് 13നാണ് രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമടക്കം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് സരിത ആദ്യ കത്തെഴുതിയത്. ഇതിനു പിന്നാലെയാണ് ആദ്യ കത്തില്‍ പറഞ്ഞതെല്ലാം നിഷേധിച്ച് കൊണ്ട് മറ്റ് രണ്ട് കത്തുകളും എഴുതിയത്. ഈ കത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ആദ്യ കത്തിലെ പരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ടാണ് സരിത രണ്ടാമത്തെ കത്തെഴുതിയത്. തന്റെ പേരു ചേര്‍ത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും കഥകള്‍ മെനയുന്നുവെന്നും, അവയെല്ലാം വാസ്തവിരുദ്ധമാണെന്നുമാണ് എറണാകുളം അഡീഷണല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രണ്ടാമത്തെ കത്തില്‍ പറയുന്നത്. സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ജയില്‍ അധികൃതര്‍ വഴിയാണ് സരിത കോടതിയില്‍ സമര്‍പ്പിച്ചത്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ മറുപടിയായിട്ടാണ് സരിത എസ് നായര്‍ മൂന്നാമത്തെ കത്തെഴുതിയത്. സരിതയുടെ ആദ്യ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് തെ സുരേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ കേസെടുത്ത പോലീസ് സരിതയുടെ മൊഴിയെടുക്കാന്‍ എത്തിയപ്പോഴാണ് മൂന്നാമത്തെ കത്ത് നല്‍കിയത്. രാഷ്ട്രീയ ലാഭത്തിനായി നല്‍കിയ പരാതിയില്‍ മൊഴി നല്‍കാനാവില്ലെന്നാണ് ഈ കത്തില്‍ സൂചിപ്പിച്ചിരുന്നത്. സുരേന്ദ്രന്റെ പരാതിയില്‍ പറയുന്ന പ്രകാരം ലൈംഗികമായി താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് എറണാകുളം കോടതിയില്‍ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ലെന്നാണ് സരിത എസ് നായര്‍ മൂന്നാമത്തെ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം പരാതികളിലൂടെ സമൂഹമദ്ധ്യത്തില്‍ തന്റെ മാന്യത പിച്ചിച്ചീന്താനാണ് ശ്രമിക്കുന്നതെന്നും കത്തിലുണ്ടായിരുന്നു. പീഡിപ്പിച്ചെന്ന ആരോപണം നിഷേധിച്ചുകൊണ്ടുള്ള സരിതയുടെ ഈ രണ്ട് കത്തുകളും സോളാര്‍ കമ്മീഷന്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top