എസ്ബിഐ മിനിമം ബാലന്‍സ് പിഴയും മിനിമം അക്കൗണ്ട് ബാലന്‍സും കുറച്ചു; പുതിയ നിരക്കുകള്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത. മിനിമം ബാലന്‍സ് പിഴയും അക്കൗണ്ടില്‍ വേണ്ട മിനിമം ബാലന്‍സ് തുകയും എസ്ബിഐ കുറച്ചു. 20 മുതല്‍ 80 ശതമാനം വരെയാണ് എസ്ബിഐ മിനിമം ബാലന്‍സ് പിഴ കുറച്ചത്. മിനിമം അക്കൗണ്ട് ബാലന്‍സ് സംബന്ധിച്ച് മെട്രോ, നഗരപ്രദേശങ്ങളെ ഒരു വിഭാഗത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. പിഴയിലൂടെയും സ്വര്‍ണ്ണപ്പണയവായ്പകളിലൂടെയും കൊള്ളലാഭം ഉണ്ടാക്കുകയും ബാങ്കിങ്ങ് സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തുകയും ചെയ്ത എസ്ബിഐയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആശ്വാസ വാര്‍ത്തയാണിത്. സേവിങ്ങ്‌സ് അക്കൗണ്ടുകളില്‍ വേണ്ട മിനിമം ബാലന്‍സ് മെട്രോകളില്‍ 5,000 ല്‍ നിന്നും 3,000 ആയി കുറച്ചു. നഗരങ്ങളിലെ മിനിമം ക്കൗണ്ട് ബാലന്‍സ് 3000 ആയി തുടരും. ഇതോടെ മിനിമം അക്കൗണ്ട് ബാലന്‍സ് സംബന്ധിച്ച് മെട്രോ, നഗരപ്രദേശങ്ങളെ ഒരു വിഭാഗത്തില്‍ കൊണ്ടുവന്നു. ഗ്രാമങ്ങളിലെയും അര്‍ധ നഗരപ്രദേശങ്ങളിലെയും കുറഞ്ഞ അക്കൗണ്ട് ബാനന്‍സ് നിലവിലുള്ളതു പോലെ യഥാക്രമം 1000, 2000 എന്നിങ്ങനെ തന്നെ ആയിരിക്കും. ജന്‍ധന്‍, ബേസിക് സേവിംഗ്‌സ്, സ്‌മോള്‍, ഫേലാകദം, ഫേലീ ഉദാന്‍ അക്കൗണ്ടുകള്‍ക്ക് മിനിം ബാലന്‍സ് ബാധകമല്ല. മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകള്‍ക്ക് ഏപ്രില്‍ 1 മുതലാണ് എസ്ബിഐ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിത്തുടങ്ങിയത്. പുതിയ നിരക്ക് അനുസരിച്ച് ഗ്രാമങ്ങളിലും അര്‍ധ നഗരപ്രദേശങ്ങളിലും 20 രൂപ മുതല്‍ 40 രൂപ വരെയും മെട്രോ, നഗരപ്രദേശങ്ങളില്‍ 30 രൂപ മുതല്‍ 50 രൂപ വരെയുമാണ് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുക. പ്രായപൂര്‍ത്തിയാകാത്തവരുടെയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെയും മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടവരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എസ്ബിഐ ഉപഭോക്താവിന് റെഗുലര്‍ സേവിങ്‌സ് അക്കൗണ്ട് ബേസിക് സേവിങ്‌സ് അക്കൗണ്ടിലേക്ക് എപ്പോള്‍ വേണമെങ്കിലും മാറ്റാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് സര്‍വ്വീസ് ചാര്‍ജ് ഉണ്ടായിരിക്കുന്നതല്ല. ഉപഭോക്താക്കളെ ക്രൂരമായി പിഴിയുന്ന എസ്ബിഐയുടെ നയങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 2012 ല്‍ പിന്‍വലിച്ച സര്‍വ്വീസ് ചാര്‍ജുകളാണ് എസ്ബിഐ ഏപ്രില്‍ മാസം മുതല്‍ വീണ്ടും തിരികെ കൊണ്ടുവന്നത്.

Top