തിരുവനന്തപുരം : സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ പുറത്ത്. ആർഎസ്എസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ. ആനന്ദ് സജീവ സംഘപരിപാര്‍ പ്രവര്‍ത്തകനാണെന്ന് തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ടും കല്‍പ്പിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തില്‍ പറയുന്നുണ്ട്.
സംഘടനക്ക് വേണ്ടി എല്ലാം നല്‍കിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും ആനന്ദ് തമ്പി പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടെന്നും സംഭാഷണത്തില്‍ ആനന്ദ് പറയുന്നുണ്ട്. അതേസമയം, ആനന്ദിന്റെ ആത്മഹത്യയില്‍ പൊലീസ് കേസെടുത്തു. മനസ്സും ശരീരവും പണവും സമയവും സംഘടനയ്ക്ക് നൽകിയിട്ടും ഒഴിവാക്കി. ഇത്ര മാത്രം അപമാനിച്ചിട്ടും വെറുതേ ഇരിക്കാൻ മനസ്സിന് കഴിയുന്നില്ല. സുഹൃത്തുമായി നടത്തിയ സംഭാഷണമാണ് പുറത്തു വന്നത്.
മത്സരിക്കാൻ രണ്ടും കൽപ്പിച്ചാണ് തീരുമാനിച്ചിരിയ്ക്കുന്നത്. അതുകൊണ്ടാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. എന്ത് പ്രതിസന്ധി നേരിട്ടാലും മുന്നോട്ട് പോകും. എത്ര കൊമ്പനായാലും ഞാൻ അവർക്കെതിരെ ഫൈറ്റ് ചെയ്യും. സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിൽ ആണ് നിന്നത്.എന്നിട്ടും എന്നെ അവഗണിച്ചു ശബ്ദസന്ദേശത്തിൽ ആനന്ദ് പറഞ്ഞു.
ആർഎസ്എസ് പ്രവർത്തകൻ ആനന്ദിന്‍റെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്നാണ് പൊലീസ് എഫ്ഐആർ. സഹോദരി ഭർത്താവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പ്രസ്ഥാനത്തിനുവേണ്ടി രണ്ടുപതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ബിജെപിയും ആര്‍എസ്എസും ചെയ്തത് കണ്ടോ’ എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ സുഹൃത്തിനോട് ആനന്ദ് ചോദിക്കുന്നത്. ‘ഞാന്‍ രണ്ടും കല്പിച്ചാണ്. മത്സരിക്കാന്‍ തീരുമാനിച്ചു. സമ്മര്‍ദ്ദം എല്ലാ ഭാഗത്തുനിന്നും ഉണ്ട്. സംഘടനയുടെ ചുമതലയുള്ള ചിലര്‍ക്ക് മാത്രേയുള്ളൂ. ഇത്രമാത്രം അപമാനിച്ചു, ഇനി അവരെ വെറുതെവിടാന്‍ എന്റെ മനസ്സ് സമ്മതിക്കില്ല. ഞാന്‍ പോരാടി നില്‍ക്കുന്ന ആളാണ്.
എത്ര കൊമ്പനായാലും പോരാടും. ഒരു കാര്യം ഏറ്റെടുത്താല്‍ അത് ചെയ്ത് തീര്‍ത്തിട്ടേ അവിടെനിന്ന് മാറൂ, എന്ത് പ്രതിസന്ധി നേരിട്ടാലും. ഇത്രയും കാലം സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയില്‍ അല്ലേ നിന്നത്. എന്റെ ശരീരം, സമയം, പണം, മനസ്സ് ഇതെല്ലാം സംഘടനയ്ക്ക് വേണ്ടി കൊടുത്തില്ലേ…? എന്നിട്ട് തിരിച്ച് ഈ പരിപാടി കാണിക്കുമ്പോള്‍, അത് നാലായി മടക്കി പോക്കറ്റില്‍ വെച്ച് വീട്ടില്‍ പോയിട്ടിരിക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല’, ഫോണ്‍ സംഭാഷണത്തില്‍ ആനന്ദ് സുഹൃത്തിനോട് പറയുന്നു.ആനന്ദിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കുരിയാത്തി പുത്തൻകോട്ട ശ്മശാനത്തിൽ നടക്കും.










