സ്വന്തം ലേഖകൻ
കൊച്ചി: കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്ന വീഡിയോയും,ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന വാട്‌സ് അപ്പ് ഗ്രൂപ്പുകൾക്കു മുന്നറിയിപ്പും ഭീഷണിയുമായി സൈബർ വാറിയേഴ്‌സ് രംഗത്ത്. ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെ നമ്പരുകൾ അടക്കം പുറത്തു വിട്ടാണ് സൈബർ വാറിയേഴ്‌സ് ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കുറച്ചു ദിവസമായി ചിലർ ചോദിക്കുന്നു ഞങ്ങൾ സെക്‌സ് ചാറ്റ് ചെയ്താൽ നിങ്ങൾക്ക് എന്താ കുഴപ്പം എന്ന്..?? – ഇത്തരത്തിൽ തുടങ്ങുന്ന മെസേജോടു കൂടിയാണ് വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും സൈബർ വാറിയേഴ്‌സ് രംഗത്തിറങ്ങിയിരിക്കുന്നത്. അന്നും ഇന്നും ഞങ്ങൾ പറയുന്നു നിങ്ങളുടെ പരസ്പരധാരണയോടെ ഉള്ള സെക്‌സ് ചാറ്റ് ഞങ്ങൾക്ക് വിഷയമല്ല.എന്നാൽ കന്നിമാസത്തിലെ ചാവാലിപ്പട്ടിയെപോലെ പേ പിടിച്ചു അമ്മയെയും പെങ്ങളെയും സ്വന്തം കുഞ്ഞിന്റെ ശരീരം പോലും പങ്കുവെക്കുന്ന കീടങ്ങളെ അരങ്ങു വാഴാൻ ഞങ്ങൾ അനുവദിക്കില്ല.ഞങ്ങളെ കൊണ്ട് പറ്റുന്നത് പോലെ അത് തടയുക തന്നെ ചെയ്യും.
കേരള സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്ത ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആണിത്.അവർ അവിടെ സെക്‌സ് ചാറ്റ് മാത്രം അല്ല.എട്ടും പൊട്ടും തിരിയാത്ത കിളിക്കൊഞ്ചൽ മാറാത്ത കുഞ്ഞു കുട്ടികളുടെ ശരീരത്തിൽ വരെ കാമം കാണുകയാണ്.സ്വന്തം മകൾ പോലും അവിടെ കാമവസ്തുവായി വേശ്യാലയത്തിൽ പോലും ഇല്ലാത്ത അഴിഞ്ഞാട്ടം.കുഞ്ഞു ശരീരത്തിൽ സംരക്ഷണത്തിന്റെ കൈ തലോടലുകൾക്കു പകരം കാമത്തിന്റെ കറുത്ത കരസ്പര്ശനങ്ങൾ ഏൽക്കുകയാണ്.
തെറ്റ് കണ്ടിട്ടും വിമർശനം ഭയന്ന് ഓടിപ്പോകുന്ന നാലാംകിട രാഷ്ട്രീയം ഞങ്ങൾക്ക് വശമില്ല.ജീവന്റെ അവസാന ശ്വാസം വരെയും ഞങ്ങൾ പറയുന്നു, സ്വന്തം അമ്മ,പെങ്ങമ്മാരേയും,ചാപല്യം മാറാത്ത കുഞ്ഞിന്റെ ശരീരത്തിൽ വരെ കാമം കാണുന്നവരെ ഞങ്ങൾ സമൂഹത്തിൽ തുറന്നു കാട്ടുക തന്നെ ചെയ്യും.പകൽ മാന്യൻമാർ ആയി നടന്ന് ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങൾ ആയിരിക്കുന്നവരെ തേടി ഒരിക്കൽ ഞങ്ങൾ എത്തുക തന്നെ ചെയ്യും.കുറച്ചെങ്കിലും അഭിമാനം നിങ്ങളുടെ കപട മനസ്സിന് ഉണ്ടെങ്കിൽ അത്തരം ഗ്രൂപ്പുകളിൽ നിന്ന് സ്വമേധയാ നിങ്ങൾ ഒഴിഞ്ഞു പോകുക.
ഇത്തരം ഗ്രൂപ്പുകൾ വളർന്നു വരുന്ന ഒരു തലമുറയോടുള്ള വെല്ലു വിളി തന്നെ ആണ്.വളരാൻ അനുവദിച്ചുകൂടാ മുളയിലെ നുള്ളണം.നിങ്ങളുടെ സുഹൃത്തുക്കൾ ആഡ് ചെയ്താൽ പോലും അത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളായ നിങ്ങൾ തെറ്റുകാർ ആണ്.ആ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ആളുകളുടെ നമ്പറുകൾ ചുവടെ ചേർക്കുന്നു.


