കൊച്ചി: പള്ളിമേടയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദികന്റെ ജാമ്യേപേക്ഷ കോടതി വീണ്ടും തള്ളി. പുത്തന്‍വേലിക്കര പള്ളി വികാരിയായിരുന്ന എഡ്വിന്‍ ഫിഗരേസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കീഴ്‌ക്കോടതിയില്‍ എഡ്വിന്‍ നല്‍കിയ അപേക്ഷ രണ്ടു മാസത്തിനുള്ളില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്നും കേസ് തുടരാമെന്നാണ് തീരുമാനമെങ്കില്‍ തുടര്‍ന്നുള്ള ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് പി. ഉബൈദ് നിര്‍ദ്ദേശിച്ചു.
2015 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച പരാതി ഉയര്‍ന്നത്. സംഭവം കേസായതോടെ ഒളിവില്‍ പോയ ഇയാള്‍ 2015 ഡിസംബര്‍ എട്ടിന് കീഴടങ്ങി. 2016 ഫെബ്രുവരി 27ന് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ തന്നെ കസ്റ്റഡിയില്‍ വയ്ക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ അഞ്ചാം തവണയാണ് എഡ്വിന്‍ ഫിഗാരേസ് ജാമ്യാപേക്ഷയുമായി കോടതിയിലെത്തുന്നതെന്നും പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്
എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്നു ഫാ. എഡ്വിന്‍ ഫിഗരിസ്. സംഭവില്‍ പീഡന വിവരം അറിഞ്ഞിട്ടും ഒളിച്ചുവച്ചതിന് വനിതാ ഡോക്ടര്‍ക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. പൊലീസാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള 2012ലെ പോക്‌സോ നിയമപ്രകാരം ഡോ. അജിതയ്‌ക്കെതിരെ കേസ് എടുത്തത്. കേരളത്തില്‍ ആദ്യമായാണ് പീഡനകേസില്‍ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
പീഡനവിവരം പൊലീസില്‍ അറിയിക്കാതിരുന്നതിനാണ് കേസ്. മാര്‍ച്ച് 29ന് 14കാരിയായ പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു. പരിശോധനയില്‍ പീഡനം നടന്നതായി മനസിലായെങ്കിലും, അജിത പൊലീസില്‍ വിവരം അറിയിച്ചില്ല. ഡോക്ടറെ പരിശോധനയ്ക്കായി സമീപിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. വീട്ടില്‍ പോയാണ് ഡോക്ടറെ കണ്ടത്. വനിതാ ഡോക്ടര്‍ നല്‍കിയ ഗര്‍ഭനിരോധന ഗുളിക കുട്ടി കഴിച്ചു. മരുന്ന് കുറിച്ചു നല്‍കിയെന്ന് അമ്മ പുത്തന്‍വേലിക്കര പൊലീസിന് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നുണ്ട്. പക്ഷെ പീഡന വിവരം ഡോക്ടര്‍ പൊലീസിനെ അറിയിച്ചില്ല. പോക്‌സോ നിയമത്തിലെ 19ാം വകുപ്പ് ചേര്‍ത്താണ് ഡോക്ടര്‍ക്കെതിരെ കേസ്.
കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന് മനസിലായാല്‍ ഉടനെ പൊലീസിനെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ ക്രൂരമായ പീഡനം നടന്നതായി പതിനാലുകാരി മൊഴി നല്‍കിയിട്ടും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍ ഡോക്ടര്‍ തയ്യാറായില്ല. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ ഡോക്ടറെ നാലാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ഓശാന ഞായറിന് തലേദിവസം കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയിട്ടും മകളെ കാണാഞ്ഞ് തിരിച്ചു പള്ളിയിലേക്ക് തന്നെ മടങ്ങിയ അമ്മയോട് ആദ്യം കൂട്ടുകാരിയുടെ വീട്ടില്‍ പോയെന്ന് നുണ പറഞ്ഞ പെണ്‍കുട്ടി പിന്നീട് പീഡനവിവരം പറയുകയായിരുന്നു. പിറ്റേദിവസം മാതാപിതാക്കള്‍ പെണ്‍കുട്ടിയെ പുത്തന്‍വേലിക്കര സര്‍ക്കാര്‍ ആശുപത്രി ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് കൊണ്ടുപോയി. ഈ ഡോക്ടര്‍ കാര്യങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും നിയമപരമായ നടപടിയൊന്നും എടുത്തില്ല.
പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശിങ്കല്‍ പള്ളിയില്‍ വികാരിയായിരുന്ന എഡ്വിന്‍ ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം കല്‍സുകാരിയെ കഴിഞ്ഞ ജനുവരി മുതല്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മാര്‍ച്ചില്‍ കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബായിലേക്ക് കടന്നു. പിന്നീട് ഒളിവിലിരിക്കെ ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്.


