കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് . ലാത്തിച്ചാര്‍ജില്‍ അല്ല എംപിക്ക് പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.ലാ ത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാനാവുന്നത്. ഷാഫിയെ തങ്ങള്‍ അടിച്ചിട്ടില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് പൊലീസിന് തിരിച്ചടിയാണ്.
ലാത്തിച്ചാര്‍ജ് നടന്നിട്ടില്ലെന്ന് റൂറല്‍ എസ് പി കെ ഇ ബൈജു പറഞ്ഞിരുന്നു. ലാത്തിച്ചാര്‍ജ് നടന്നതായി ഒരു വിഷ്വല്‍ എങ്കിലും കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒന്നര മണിക്കൂറോളം റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കെ ഇ ബൈജു പറഞ്ഞു.
പേരാമ്പ്രയില്‍ ഇന്നലെ പൊലീസ് ലാത്തിചാര്‍ജ് ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ വി കെ പ്രമോദ് പറഞ്ഞിരുന്നു. ഷാഫി പറമ്പില്‍ എം പിയ്ക്ക് പരിക്ക് പറ്റിയെങ്കില്‍ അവരുടെ പ്രവര്‍ത്തകരുടെ കയ്യോ മറ്റോ അബദ്ധത്തില്‍ കൊണ്ടത് കൊണ്ടാകാമെന്നും യഥാര്‍ത്ഥത്തില്‍ എംപിക്ക് പരിക്കേറ്റിട്ടുണ്ടോ എന്നത് സംശയമാണെന്നും പ്രമോദ് പറഞ്ഞു.പരിക്കേറ്റില്ലെന്ന തരത്തില്‍ ചിലവീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും വി കെ പ്രമോദ് പറഞ്ഞിരുന്നു.
ഇന്നലെ നടന്നത് സാധാരണ സമാധാനത്തിലുള്ള ഒരു പ്രതിഷേധ പ്രകടനമായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഇതിന് തൊട്ട് മുന്‍പുള്ള ദിവസം നടത്തിയ പ്രകടനം പൊലീസ് തടഞ്ഞിരുന്നു. പേരാമ്പ്ര സികെജി കോളജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്യു ജയിച്ചിട്ട് നടന്ന ആഹ്ലാദപ്രകടനമായിരുന്നു. ആ പ്രകടനത്തിന് നേരെ പൊലീസ് നോട്ടി നില്‍ക്കേ സിപിഐഎം ആക്രമിക്കുകയും പൊലീസ് വന്ന് പ്രകടനം തടയുകയുമായിരുന്നു. നിരവധി ആളുകള്‍ക്ക് പരുക്കേറ്റു. ഈ സാഹചര്യത്തിലാണ് പേരാമ്പ്രയില്‍ ഇന്നലെ പ്രാദേശിക ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പൊലീസിന്റെ അനുമതിയോടെയാണ് പ്രകടനം തീരുമാനിച്ചത്.
അഞ്ച് മണിക്കാണ് തീരുമാനിച്ചിരുന്നത്. അപ്പോള്‍ പറഞ്ഞു സിപിഐഎമ്മിന്റെ പ്രകടനമുണ്ടെന്ന്. അങ്ങനെ ആറ് മണിക്ക് നടത്താന്‍ തീരുമാനിച്ചു. എല്‍ഡിഎഫിന്റെ പ്രകടനത്തിന് പേരാമ്പ്ര ടൗണിലൂടെ സഞ്ചരിക്കാന്‍ എസ്‌കോര്‍ട്ട് കൊടുത്ത പൊലീസ് യുഡിഎഫിന്റെ പ്രകടനം വഴിയില്‍ തടയുകയായിരുന്നു. അപ്പുറത്ത് 50 സിപിഐഎംകാര്‍ നില്‍ക്കുന്നുണ്ട്. അവരുടെ കൈയില്‍ ആയുധമുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്. സ്വാഭാവികമായും പ്രവര്‍ത്തകര്‍ പ്രകോപിതരായി. അവര്‍ റോഡിലിരുന്നു. ഞാനും ഷാഫി പറമ്പിലും ആ പരിപാടിയില്‍ പങ്കെടുക്കേണ്ടവരായിരുന്നില്ല. വിവരമറിഞ്ഞ് അവിടെ എത്തി പ്രവര്‍ത്തകരെ സമാധാനിപ്പിക്കാനായിരുന്നു ഞാനും ഷാഫിയും ശ്രമിച്ചത്. അതിനിടയിലാണ് പൊലീസിന്റെ അതിക്രമം – പ്രവീണ്‍ കുമാര്‍ വിശദമാക്കി.










