തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തിലെ പീഡനത്തിന് കൂട്ട് അമൃത ആശുപത്രി? ഭ്രാന്താണെന്ന രേഖയുണ്ടാക്കുന്നത് അമൃതയില്‍ നിന്നെന്ന് രക്ഷപ്പെട്ട അഷിത

തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ നടക്കുന്നത് അതിക്രൂരമായ പീഡനങ്ങളാണെന്നും അവിടെ നിന്നുമുളള കുട്ടികളെ അമൃത ആശുപത്രിയില്‍ എത്തിച്ചാണ് ഭ്രാന്താണെന്ന രേഖയുണ്ടാക്കുന്നതെന്നുമുളള വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. ശിവശക്തി യോഗാകേന്ദ്രത്തില്‍ നിന്നും മതില്‍ചാടിക്കടന്ന് രക്ഷപ്പെട്ട രണ്ടു പെണ്‍കുട്ടികളില്‍ ഒരാളായ അഷിതയാണ് സ്ഥാപനത്തിനും അമൃത ആശുപത്രിക്കും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ലൗ ജിഹാദാണെന്ന് ഭീഷണിപ്പെടുത്തിയാണ് ബലമായി തന്നെ യോഗാകേന്ദ്രത്തില്‍ എത്തിച്ചത്. അതിക്രൂരമായ മര്‍ദനങ്ങളായിരുന്നു അവിടെ നിന്നും ഏല്‍ക്കേണ്ടി വന്നത്. മതം മാറാതെ ജീവിക്കാനുളള അവകാശം തനിക്കുണ്ടാകണമെന്നും അഷിത പറഞ്ഞതായി
റിപ്പോര്‍ട്ട്.
എന്നെ ഇവിടെ നിന്നും വണ്ടിയില്‍ ബലമായി പിടിച്ചുകയറ്റിക്കൊണ്ടു പോകുകയായിരുന്നു. ജനുവരി മാസത്തിലാണ് അവിടെ ആദ്യമായി എത്തുന്നത്. അവിടെ പോകുന്നതിന് മുന്‍പ് എനിക്കൊരു മെഡിസിന്‍ കലക്കി തന്നായിരുന്നു. അത് ശരീരം തളരാന്‍ വേണ്ടിയിട്ടായിരുന്നു. അവര്‍ ഉപദ്രവിച്ചിരുന്നു. അവിടെ എത്തിയപ്പോള്‍ പാട്ടുവെച്ചിട്ടാണ് അടിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്തിരുന്നത്. ഞാന്‍ ഒരു മുസ്ലിം പയ്യനുമായിട്ട് ഇഷ്ടത്തിലായിരുന്നു, അവനെ വേണ്ടാന്ന് പറയുംവരെ എന്നെ കെട്ടിയിട്ട് വായില്‍ തുണിയൊക്കെ തിരുകി പാട്ടുവെച്ച് അടിക്കുമായിരുന്നു. എന്നിട്ട് വേണ്ടാന്ന് പറഞ്ഞപ്പോഴാണ് അവര്‍ അടി നിര്‍ത്തിയത്. പിന്നെ അവന്‍ ഹേബിയസ് കോര്‍പ്പസ് കൊടുത്തു. വീട്ടുകാര്‍ക്കൊപ്പം പോകുമെന്ന് പറഞ്ഞില്ലെങ്കില്‍ കോടതി കടക്കും മുന്‍പെ രണ്ടാളുടെയും ശവം ആയിരിക്കും എന്നാണ് പറഞ്ഞത്. അത് പേടിച്ചിട്ട് വീട്ടുകാര്‍ക്കൊപ്പം പോകണമെന്നാണ് ഞാന്‍ പറഞ്ഞത്. ഇതിനുശേഷം തിരിച്ച് വീട്ടിലെത്തി. വീണ്ടും അവനുമായി കോണ്‍ടാക്റ്റ് തുടര്‍ന്നപ്പോള്‍ വീണ്ടും ബലമായിട്ട് അവരെല്ലാം പിടിച്ച് അവിടെ കൊണ്ടുപോയി, മാര്‍ച്ച് മാസത്തിലായിരുന്നു അത്. ആ സമയത്ത് ആറുമാസം അവിടെ നില്‍ക്കേണ്ടി വന്നു. ഈ ആറുമാസത്തില്‍ ആദ്യത്തെ തവണത്തെക്കാള്‍ ക്രൂരപീഡനമായിരുന്നു അത്. പിന്നെ അത് മാത്രമല്ല, അവര്‍ക്ക് തിരുവനന്തപുരത്ത് ഒരു ആശ്രമമുണ്ട്. അവിടെയാണേല്‍ കെട്ടിയിട്ട് വെളളത്തില്‍ മുക്കി, പിന്നീട് കെട്ടിയിട്ട് അടിക്കും, പിന്നാലെ ആണി കൈയില്‍ തറപ്പിക്കും. അങ്ങനെയൊക്കെ പറഞ്ഞിട്ട് അവര്‍ ആദ്യം തന്നെ സമ്മതപത്രം നമ്മുടെ കൈയില്‍ നിന്നും എഴുതി വാങ്ങുന്നുണ്ട്. അപ്പോള്‍ എന്നൊക്കൊണ്ട് രണ്ടാമതും സമ്മതപത്രം എഴുതി ഒപ്പിട്ടുവാങ്ങിച്ചു. ആദ്യം വാങ്ങിയിരുന്നു. കൂടാതെയാണ് രണ്ടാമതും തിരുവനന്തപുരത്ത് അയക്കാമെന്ന് പറഞ്ഞിട്ട് സമ്മതപത്രം എഴുതി വാങ്ങിയത്. ഞാന്‍ ഇതില്‍ നിന്നും പിന്മാറില്ലെന്ന് അറിഞ്ഞപ്പോള്‍ ഇവര്‍ കൂടുതല്‍ ഉപദ്രവിക്കാന്‍ തുടങ്ങി. ഞാന്‍ അതില്‍ തന്നെ തുടര്‍ന്നപ്പോള്‍ അവരെന്നെ അമൃതാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ ഒരാഴ്ചയോളം കിടന്നായിരുന്നു. മെന്റലി ഡിസേബിള്‍ എന്ന സര്‍ട്ടിഫിക്കെറ്റാണ് അവിടെ നിന്നും നല്‍കിയത്. എനിക്ക് തോന്നുന്നത്, അവര്‍ അത് ചെയ്യുന്നത് എന്താണെന്ന് വച്ചാല്‍ കോടതിയില്‍ മെന്റലി ഡിസേബിളാണെന്ന് പ്രൂവ് ചെയ്ത് കഴിഞ്ഞാല്‍ നമ്മുടെ വാക്കിന് വിലയുണ്ടാകില്ല. അതിന് വേണ്ടിയിട്ടാണ് അങ്ങനെ ചെയ്തത്. അമൃത ആശുപത്രിയില്‍ നിന്നും നല്‍കിയ മെഡിസിന്‍ ഡിപ്രഷന്‍ ഒഴിവാക്കാനും ഉറങ്ങാനുളളതുമായിരുന്നു. അതല്ലാതെ അതിന്റെ പേരുകള്‍ ഒന്നും ഓര്‍മ്മയില്ല. നമുക്ക് അവര്‍ അവിടെ കൃത്യസമയത്ത് മരുന്ന് തരും, നമ്മള്‍ അത് കഴിക്കും. അല്ലാതെ നോക്കാനൊന്നും തന്നിട്ടില്ല. ഒരുനേരം ഏഴും എട്ടും ഗുളികകള്‍ വീതമാണ് തന്നുകൊണ്ടിരുന്നത്. അവന്‍ എന്നോട് ഒരിക്കലും മതം മാറണമെന്ന് പറഞ്ഞിട്ടില്ല. ഇത് കൂടാതെ അവനെ മതം മാറ്റാന്‍ യോഗാ സെന്റര്‍കാര്‍ ശ്രമിച്ചിരുന്നു. നീ ഹിന്ദുവായാല്‍ നിങ്ങളുടെ കല്യാണത്തിന്റെ കാര്യത്തില്‍ നോക്കാം എന്ന് പറഞ്ഞിരുന്നു. ഇതാണ് അഷിതയുടെ വെളിപെടുത്തല്‍. കേരളത്തിലെ പ്രമുഖ ചാനല്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

Top