ക്രൈം ഡെസ്‌ക്
കോട്ടയം: മദ്യലഹരിയിൽ എ.എസ്.ഐ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു.
വഴിപോക്കൻ സംഭവം വീഡിയോയിൽ പകർത്തി വാട്സാപ്പിലിട്ടു. വീഡിയോ
വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ പൊലീസ് മേധാവി മുഹമ്മദ്
റഫീഖ് അന്വേഷണത്തിന് ഉത്തരവായി. ചങ്ങനാശേരിയിൽ ഇന്നലെ
വൈകുന്നേരമായിരുന്നു സംഭവം. സ്‌കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷയിലാണ് പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ചത്.
ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് കാറിൽ
പോവുകയായിരുന്നു. ചങ്ങനാശേരി പാലാത്ര ബൈപ്പാസിൽ സഞ്ചരിക്കവേ കാർ
പെട്ടെന്ന് നിർത്തി. ശ്രദ്ധിക്കാതെ കാർ പിറകോട്ടെടുത്തു. അപ്പോഴാണ്
പിന്നാലെയെത്തിയ ഓട്ടോറിക്ഷയിൽ കാർ ഇടിച്ചത്.
സ്വന്തം തെറ്റുകൊണ്ടാണ് കാർ ഇടിച്ചതെങ്കിലും ഒരു സോറി പോലും പറയാതെ ഇയാൾ
ഓട്ടോഡ്രൈവറോട് ചൂടാവുകയായിരുന്നു. തുടർന്ന് കാർ ഓടിച്ചുപോയി.
പിറകെയെത്തിയ ഓട്ടോറിക്ഷക്കാരും നാട്ടുകാരും ചേർന്ന് കാർ തടഞ്ഞു.
അപ്പോഴാണ് ഇയാൾ മദ്യലഹരിയിലാണെന്ന് നാട്ടുകാർക്ക് ബോധ്യമായത്.
വിവരം ഉടൻ നാട്ടുകാർ ട്രാഫിക് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു. അപകടമുണ്ടായി
എന്നു മാത്രമേ പറഞ്ഞിരുന്നു. പൊലീസ് എത്തിയപ്പോഴാവട്ടെ സഹപ്രവർത്തകൻ.
പിന്നെ എന്തുചെയ്യാൻ. എ.എസ്.ഐക്കാണെങ്കിൽ രണ്ടുകാലിൽ നില്ക്കാൻ
കഴിയുന്നുമില്ല.
സഹപ്രവർത്തകനെ രക്ഷിക്കാൻ പൊലീസ് ആദ്യം ശ്രമിച്ചെങ്കിലും സംഭവം
കൈവിടുമെന്ന് മനസിലായി. സംഭവം ഒതുക്കിതീർക്കാൻ കഴിയില്ലെന്ന് മനസിലായതോടെ
ബ്രീത്ത് അനലൈസർ എടുത്തു. എ.എസ്.ഐയോട് ഊതാൻ പറഞ്ഞെങ്കിലും ആദ്യം
വിസമ്മതിക്കുകയായിരുന്നു. പിന്നെ, പറഞ്ഞിട്ടെന്ത് കാര്യം. നാട്ടുകാരുടെ
മുമ്പിൽ ഊതി. വലിയശബ്ദത്തോടെ മെഷീൻ പ്രതികരിച്ചു. ഇതോടെ പൊലീസ്
ജീപ്പിലേക്ക് എ.എസ്.ഐയെ കയറ്റി നേരെ സ്റ്റേഷനിലേക്ക്.
നാട്ടുകാരിൽ ആരോ സംഭവം വീഡിയോ പകർത്തി വാട്സ് അപ്പിലും സോഷ്യൽ
മീഡിയയിലും പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. ജില്ലാ പൊലീസ്
മേധാവിയുടെ വാട്സാപ്പിലും ചിത്രമെത്തി. എ.എസ്.ഐ ഓട്ടോകാരനോട്
ചൂടാവുന്നതും നാട്ടുകാരോട് ക്ഷുഭിതമായതുമെല്ലാം മേധാവിക്ക് കിട്ടി.
പിന്നെ, ഉടൻ ആക്ഷനായിരുന്നു. ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീഖ്
അന്വേഷണത്തിന് ചങ്ങനാശേരി സി.ഐ കെ.പി.വിനോദിനെ ഉടൻ
ചുമതലപ്പെടുത്തുകയായിരുന്നു. ഇന്നുതന്നെ സി.ഐ റിപ്പോർട്ട്
നല്കുമെന്നറിയുന്നു. എ.എസ്.ഐക്ക് എതിരെ നടപടി ഉണ്ടാവുമെന്നാണ്
അറിയുന്നത്.


