സിദ്ദീഖ് അവള്‍ക്ക് ഒപ്പം? പെട്ടന്ന് ഉണ്ടായ മനംമാറ്റത്തിന് പിന്നില്‍ എന്ത്?

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിലേക്ക് സംശയമുന ഉയര്‍ന്നതു മുതല്‍ ദിലീപിനൊപ്പം നിന്ന വ്യക്തിയാണ് നടന്‍ സിദ്ദീഖ്. പോലീസ് ചോദ്യം ചെയ്തപ്പോഴും ജയിലില്‍ കഴിയുമ്പോഴും ഒടുവില്‍ ജാമ്യം ലഭിച്ചപ്പോഴൊക്കെ ദിലീപിനൊപ്പമാണെന്ന തോന്നല്‍ അരക്കെട്ടുറപ്പിക്കും വിധമായിരുന്നു സിദ്ദീഖിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. ഐക്യദാര്‍ഢ്യമെന്ന് പറയാന്‍ സാധിക്കില്ല. ചില ഉപദേശങ്ങളാണ് സിദ്ദീഖ് നല്‍ക്കുന്നത്. ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ച ചില വാക്കുകളിലാണ് ആക്രമിക്കപ്പെട്ട നടിയോടെന്ന് തോന്നിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളത്. കഴിഞ്ഞദിവസം ദിലീപിനെ കാണാന്‍ സിദ്ദീഖ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. വ്യാഴാഴ്ചയാണ് സിദ്ദീഖിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. നിന്നെ ഇര മാത്രമാക്കുന്ന കാട്ടുനീതിക്ക് മുമ്പില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലും ആകുക എന്നാണ് സിദ്ദീഖിന്റെ വാക്കുകള്‍. ആക്രമിക്കപ്പെട്ട നടിയോടാണോ ഇക്കാര്യമെന്ന് വ്യക്തമല്ല. പക്ഷേ സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തി എന്ന നിലയില്‍ ഇത്തരമൊരു പരാമര്‍ശം നടത്തുമ്പോള്‍ അത് ദിലീപ് കേസുമായി ബന്ധപ്പെട്ടാണെന്ന് തോന്നുക സ്വാഭാവികം. സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേര്‍ പ്രതികരിച്ചിട്ടുണ്ട്. പലരും സിദ്ദീഖിനെ പരിഹസിക്കുകയാണ്. കഴിഞ്ഞ ദിവസം പോലും ദിലീപിനെ വീട്ടില്‍ ചെന്നു കണ്ട വ്യക്തി ഇങ്ങനെ പ്രതികരിക്കുമ്പോഴുള്ള ആശ്ചര്യവും ചിലര്‍ പങ്കുവച്ചിട്ടുണ്ട്. ഒറ്റ രാത്രി കൊണ്ട് എന്താണ് സിദ്ദീഖിന് സംഭവിച്ചതെന്നാണ് പലരും ചോദിച്ചത്. ഇതുവരെ അവനൊപ്പം നിന്ന സിദ്ദീഖ് എന്താണ് അവള്‍ക്കൊപ്പമായോ എന്ന പരിഹാസ ചോദ്യവും ഉന്നയിച്ചവരുണ്ട്. പെണ്ണേ, ആ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടുനീതിക്ക് മുമ്പില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാകുക. വേട്ടയാടാന്‍ മാത്രമറിയുന്ന കാട്ടാളന്‍മാരെ ജീവിത അവസാനം വരെ പൊള്ളിക്കുന്ന തീക്കനല്‍- ഇതാണ് സിദ്ദീഖിന്റെ പോസ്റ്റ്.
നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ നേരത്തെ രംഗത്തുവന്നിരുന്നു. എന്നാല്‍ അവര്‍ ഓരോരുത്തരും ദിലീപ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ നിലപാടില്‍ മയംവരുത്തി.

Top