സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാരിന്‍റെ സമീപനം ദുരൂഹം : കേന്ദ്ര മന്ത്രി വി.മുരളീധരൻ

  തിരുവനന്തപുരം  : സിൽവർ ലൈൻ റെയിൽ പദ്ധതി സംബന്ധിച്ച്  സംസ്ഥാന സർക്കാരിന്‍റെ സമീപനത്തിൽ ഏറെ ദുരൂഹതകളുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.  പദ്ധതിയുടെ വായ്പക്ക്  ജാമ്യം നിൽക്കാൻ തയ്യാറല്ലെന്ന്  മാത്രമല്ല നിലവിൽ നിർദേശിക്കപ്പെട്ട തരത്തിൽ പദ്ധതി ആവശ്യമില്ലെന്നുമാണ് റെയിൽ മന്ത്രാലയത്തിന്‍റെ നിലപാട്. വിദഗ്ധാഭിപ്രായവും ഇതാണ്. നിലവിലെ പാതയിൽ മാറ്റം വരുത്തിയാൽ അതിവേഗ തീവണ്ടികളുടെ സർവ്വീസ് നടത്താൻ കഴിയുമെന്നാണ് റെയിൽവേ ബോർഡ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ 34000 കോടി   പുതിയ പദ്ധതിക്ക് എന്തിന് ചിലവഴിക്കുന്നു എന്ന ചോദ്യം ഉയരുന്നുവെന്ന് മന്ത്രി പറഞ്ഞു. വൻ പദ്ധതിക്ക് പരിസ്ഥിതി , സാമൂഹ്യ ആഘാത പഠനങ്ങൾ നടത്തേണ്ടതാണ്. 34000 കോടി  വിദേശ വായ്പ എങ്ങിനെ തിരിച്ചടക്കും എന്നത് സംബന്ധിച്ച് കൃത്യമായ ധാരണ  സർക്കാരിനുണ്ടോ എന്നും മന്ത്രി ചോദിച്ചു. വിദഗ്ധന്മാരുമായി കൂടിയാലോചിച്ച് ആണോ  നടപടി ആരംഭിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. സംസ്ഥാനത്തെ  4 വിമാനതാവളങ്ങളെ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ യാത്രാസമയം കുറയ്ക്കാം. തിരുവന്തപുരം വിമാനതാവള വികസനത്തിന് എതിര് നിൽക്കുന്ന സർക്കാർ  34000 കോടി  രൂപയുടെ കടമെടുത്ത് പുതിയ റെയിൽവേ ലൈൻ ഉണ്ടാക്കുന്നതിലെ ഉദ്ദേശ ശുദ്ധി സംശയിക്കണമെന്ന് മന്ത്രി പറഞ്ഞു.സ്ഥലമെടുപ്പിനെതിരെ വലിയ പ്രതിഷേധം സംസ്ഥാനത്തുണ്ട്. മണ്ണിടിച്ചിലിന്‍റേയും, നിലം നികത്തിലിന്‍റേയും ദുരിതങ്ങൾ കേരളം  അനുഭവിച്ചുകൊണ്ടിരിക്കെ  പുതിയ പദ്ധതിക്ക് വേണ്ടി വ്യഗ്രത കാണിക്കുന്നതും, വായ്പക്ക് വേണ്ടി നെട്ടോട്ടമോടുന്നതും  എന്ത് തട്ടിപ്പിനാണെന്നും മന്ത്രി ചോദിച്ചു.

Top