കള്ളു കുടിച്ച് വേദിയില്‍ കയറി; തല്ലാന്‍ പിടിച്ച നാട്ടുകാര്‍ പാട്ടുകേട്ട് അമ്പരന്നു…

ചിലര്‍ കള്ളുകുടിച്ച് കഴിഞ്ഞാല്‍ സുന്ദരമായി പാടും. അങ്ങനെയൊരു പാട്ടു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സംഭവം ഇങ്ങനെ; വേദിയില്‍ ഗാനമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പാടാന്‍ മൈക്കും കയ്യില്‍ പിടിച്ചു നില്‍ക്കുകയാണു ഗായകന്‍. വേദിയിലേക്ക് അതാ ഒരാള്‍ ആടിയാടി നടന്നു വരുന്നു. ആളെ കണ്ടപ്പോള്‍ തന്നെ സംഘാടകര്‍ക്കു മനസ്സിലായി. അത്യാവശ്യം നന്നായി മദ്യപിച്ചിട്ടുണ്ട്. വേദിയിലേക്ക് വരണമെന്ന് അയാള്‍ വാശിപിടിക്കുന്നു.

സംഘാടകര്‍ തടയുകയാണ്. ചെറിയ രീതിയില്‍ കയ്യാങ്കളിയും. അപ്പോള്‍ വേദിയില്‍ തയ്യാറായി നില്‍ക്കുന്ന ഗായകന്‍ പറയുന്നു. ‘അയാളിങ്ങു പോന്നോട്ടെ’. അങ്ങനെ വേദിയിലേക്ക്. വേദിയിലേക്ക് എത്തുന്നതിനു മുന്‍പ് രണ്ടു വീഴ്ച. പിന്നെ ബദ്ധപ്പെട്ട് വേദിയില്‍. ആടിയാടി തന്നെയാണ് വേദിയില്‍ നില്‍ക്കുന്നത്. പിന്നെ രണ്ടു വാക്ക്. ‘എനിക്കൊരു പാട്ടുപാടണം അതും മണിച്ചേട്ടന്റെ പാട്ട്.

നമ്മുടെ മണിച്ചേട്ടന്റെ പാട്ടില്ലാതെ എന്ത് ആഘോഷം.’ ഇത്രയും പറഞ്ഞപ്പോഴേക്കും വേദിയില്‍ കയ്യടി മുഴങ്ങി. പിന്നെ ഗംഭീര പാട്ട്. കലാഭവന്‍ മണിയുടെ എക്കാലത്തെയും ഹിറ്റ് നാടന്‍പാട്ടായ പകല്‍ മുഴുവന്‍ പണിയെടുത്ത് എന്ന ഗാനമായിരുന്നു പാടിയത്. ഇതോടെ സദസ്സിലിരുന്നവരെല്ലാം ആവേശത്തിലായി. സദസ്സിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു പിന്നെ പാട്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണോ ഈ പ്രകടനമെന്ന സംശയവും പ്രേക്ഷകര്‍ ഉന്നയിക്കുന്നുണ്ട്. കാരണം നാടകീയത എവിടെയൊക്കെയോ ഉള്ളതായി തോന്നുന്നു എന്നാണ് ഇത്തരക്കാരുടെ അഭിപ്രായം.ഏതായാലും കുടിയന്റെ പാട്ട് വന്‍ഹിറ്റായിരിക്കുകയാണ്.

Top