തൊണ്ടി മുതല്‍ ഗള്‍ഫ്കാരന്‍റെ വയറ്റില്‍; പ്രതീക്ഷയോടെ കസ്റ്റംസ്; മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍

കരിപ്പൂര്‍ വിമനത്താവളത്തില്‍ കസ്റ്റംസിനെ വലച്ച് ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്‍. കടത്തി കൊണ്ട് വന്ന സ്വര്‍ണം വിഴുങ്ങിയതോടെയാണ് കസ്റ്റംസ് വലഞ്ഞത്. വിമാനത്താവളത്തിലും പുറത്തെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലുമെത്തിച്ചു. വൈകിട്ടോടെ തൊണ്ടി മുതല്‍ പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്. യാത്രക്കാരന്‍ സ്വര്‍ണം കടത്തുമെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നി.

തുടര്‍ന്ന് എക്‌സ്‌റേ എടുത്തപ്പോള്‍ വന്‍കുടലിന്റെ താഴ്ഭാഗത്ത് ലോഹ നിര്‍മ്മിതമായ ഏഴു കഷ്ണങ്ങള്‍ കണ്ടെത്തി. ഇതോടെ സംശയം വര്‍ധിച്ചു. വയറിനുള്‌ളില്‍ കണ്ടെത്തിയ ലോഹം സ്വര്‍ണമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ശരീരത്തിനുള്ളില്‍ സേഫ് കസ്റ്റഡിയിലാണ് ഇതെന്നാണ് സംശയിക്കുന്നത്. ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നത് പല തവണ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇങ്ങനെ കടത്തിയ സ്വര്‍ണം പുറത്തെടുത്തിട്ടുമുണ്ട്. എന്നാല്‍ ഇത്തവണ സ്വര്‍ണം പുറത്തെടുക്കാന്‍ നോക്കിയിട്ടും നടന്നിട്ടില്ല. തൊണ്ടി മുതല്‍ പുറത്തെത്തിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് നേരം വെളുത്തതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇനിയും ലോഹം ശരീരത്തിനകത്തിരുന്നാല്‍ യാത്രക്കാരനും കസ്റ്റംസിനും അത് പണിയാകുമെന്നാണ് ഡോക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതോടെ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. വൈകിട്ടോടെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top