മൃതദേഹം കൊണ്ട് പോകാന്‍ പണമില്ല; ഭാര്യാമാതാവിന്‍റെ ശവശരീരം തോളില്‍ ചുമന്ന് കൊണ്ട് യുവാവ് നടന്നത് 40 കിലോമീറ്റര്‍

ഭാര്യാമാതാവിന്റെ മൃതദേഹം തോളില്‍ ചുമന്ന് കൊണ്ട് യുവാവ് നടന്നത് 40 കിമി. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്ത് വരുന്നത്. മൃതദേഹം വാഹനത്തില്‍ കൊണ്ടു പോകാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് യുവാവ് ഈ സാഹസത്തിന് മുതിര്‍ന്നത്.മധ്യപ്രദേശിലെ റിവാ സ്വദേശിയായ യുവാവ് ഏറെ നാളായി ഭാര്യയോടും യുവതിയുടെ മാതാവിനോടുമൊപ്പം ഉത്തര്‍പ്രദേശിലെ അലഹബാദിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് താമസിച്ച് വന്നിരുന്നത്. ഇവിടുത്തെ ഗ്രാമ മുഖ്യന്റെ സഹായിയായിട്ടായിരുന്നു ഇദ്ദേഹം ജോലി നോക്കി വന്നിരുന്നത്. ഭാര്യമാതാവ് ക്യാന്‍സര്‍ ബാധിതയാണെന്ന് അടുത്തിടെയാണ് കുടുംബം അറിയുവാന്‍ ഇട വരുന്നത്. വൃദ്ധയ്ക്ക് അസുഖം കലശലായതിനെ തുടര്‍ന്നാണ് ജന്മനാട്ടിലേക്ക്തിരിച്ച് പോകുവാന്‍ ഇവര്‍ തീരുമാനിച്ചത്.ഇത് പ്രകാരം ഒരു ഓട്ടോയില്‍ റിവായിലേക്ക് പോകും വഴിയാണ് വൃദ്ധ മരണമടയുന്നത്. ഇത് മനസ്സിലാക്കിയ ഓട്ടോ ഡ്രൈവര്‍ ഇവരെ വഴിയരികില്‍ ഇറക്കി വിട്ടു. തുടര്‍ന്ന് അതു വഴി വന്ന പല വാഹനങ്ങളെയും സമീപിച്ചെങ്കിലും ഭീമമായ പെസയാണ് വാഹന ഉടമകള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് മറ്റു വഴികളില്ലാതെ ഇദ്ദേഹം മൃതദേഹം തോളില്‍ എടുത്ത് നടക്കുവാന്‍ തീരുമാനിച്ചത്.ഒരു വലിയ വടിയില്‍ ഒരു ഭാഗത്ത് ഭാര്യമാതാവിന്റെ മൃതദേഹവും മറു അറ്റത്ത് കല്ലും വസ്ത്രങ്ങളും ഉപയോഗിച്ച് രണ്ട് ഭാണ്ഡ കെട്ടുകളാക്കിയാണ് അദ്ദേഹം നടന്നത്. ഏകദേശം എട്ട് മണിക്കുര്‍ നടത്തത്തിന് ശേഷം യുവാവും ഭാര്യയും സ്വന്തം ജില്ലയിലെത്തി. ഇവിടെ വെച്ച് അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ യുവാവിനെ പരിശോധിച്ച് നോക്കിയപ്പോഴാണ് ഭാണ്ഡകെട്ടുകളിലൊന്നില്‍ മൃതദേഹമാണെന്ന് കണ്ടെത്തിയത്.ഉടന്‍ തന്നെ നാട്ടുകാര്‍ അവിടെ കൂടിയിരുന്നവരില്‍ നിന്നും പണം പിരിച്ച് 5000 രൂപ യുവാവിന് നല്‍കുകയും വിവരം ലഭിച്ച് അതു വഴി വന്ന ജില്ലാ എസ്ഡിഎം അംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കുകയും ചെയ്തു.

Top