ക്രൈം ഡെസ്‌ക്
കോട്ടയം: മദ്യലഹരിയിൽ വീട്ടിൽ സംഘർഷം. മകന്റെ കുത്തേറ്റ് പിതാവ് ആശുപത്രിയിൽ. വൈക്കം അംബികാ മാർക്കറ്റ് മണ്ണാശേരിൽ ബാബുവിനെയാണ് (70) മകൻ സെൻ ബാബു(45) കുത്തിപ്പരിക്കേൽപ്പിച്ചത്. കറിക്കത്തിക്കു കുത്തേറ്റ ബാബുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തിയിരുന്ന സെൻ വീട്ടിൽ കശപിശയുണ്ടാക്കുന്നത് പതിവാണ്. ഇന്നലെ രാത്രിയിലും വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയ സെന്നും ബാബുവും വാക്കേറ്റവും തർക്കവുമുണ്ടായി. താമസിയാതെ തർക്കം കൈയ്യാങ്കളിയായി. ഇതോടെ അടുക്കളയിലുണ്ടായിരുന്ന കത്തിയുമായി സെൻ പിതാവിനു നേരെ ചീറിയടുത്തു. തടയാൻ മാതാവ് ശ്രമിച്ചു. ഇരുവരെയും പിടിച്ചു മാറ്റാൻ മാതാവ് ശ്രമിച്ചെങ്കിലും സെൻ പിതാവിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയറ്റിൽ ആഴത്തിൽ കുത്തേറ്റ ബാബുവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെ തുടർന്നു സെൻ ഓടിരക്ഷപ്പെട്ടു. വൈക്കം പൊലീസ് കേസെടുത്തു.


