ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന ചിത്രത്തിലെ ആനന്ദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച നടനാണ് എസ് പി ശ്രീകുമാര്‍. ഒരു ചിരിയിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാവുകയും ചെയ്തു . കരിയറില്‍ വഴിത്തിരിവായത് മെമ്മറീസിലെ വില്ലന്‍ തന്നെയാണ്. ടെലിവിഷന്‍ പരിപാടികളിലൂടെ ഇപ്പോഴും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ശ്രീകുമാര്‍ വിവാഹിതനായി എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്ത. ‘എല്ലാം വളരെ പെട്ടെന്നായിരുന്നു! ആരെയും അറിയിക്കാന്‍ പറ്റിയില്ല’ എന്ന തലക്കെട്ടോടെ ശ്രീകുമാര്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമായിരുന്നു എല്ലാത്തിനും കാരണം. ശ്രീകുമാര്‍ അഭിനയിക്കുന്ന പുതിയ സിനിമയിലെ ദൃശ്യമായിരുന്നു അത്. ചിത്രം കണ്ട് തെറ്റിദ്ധരിച്ച ആരാധകര്‍ പ്രിയ നടന് ശോഭനമായ വിവാഹ ജീവിതം ആശംസിച്ച് സന്ദേശങ്ങള്‍ അയച്ചു. ചിലര്‍ ഫോണില്‍ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശ്രീകുമാറിപ്പോള്‍. ഫേസ്ബുക്കിലൂടെ തന്നെയാണ് ശ്രീകുമാറിന്റെ പ്രതികരണം.
വിവാഹമംഗളാശംസകൾ നേർന്ന എന്റെ പ്രിയപ്പെട്ടവർക്കെല്ലാം നന്ദി !!പക്ഷെ ഒരു ചെറിയ തിരുത്ത്… എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയിൽ…. ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷൻ ചിത്രമായിരുന്നു അത്.. തെളിവിനിതാ ഒരു ഫോട്ടോ കൂടി…. എന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ.. നല്ല കാര്യമായിപ്പോയി……. എന്നാണ് ശ്രീകുമാര്‍ ഫേയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.


