തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കേസ്സാണ് പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രാണോയിയുടെ ദുരൂഹ മരണം. കാര്യക്ഷമമായി അന്വേഷണം നടക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയര്‍ന്ന കേസ്സില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വിലയ വീഴ്ച്ചകളാണ് ഉണ്ടായത്. ഇതിന്റെ പേരില്‍ മുഖ്യമന്ത്രിയും ഒരുപാട് പഴികേട്ടു. കേസ്സിലെ ഒന്നാം പ്രതിയായ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയായത് വീണ്ടും വിവാദത്തിന് വഴിയൊരുക്കിയ അവസരത്തില്‍ ഇതില്‍ നിന്നെല്ലാം തലയൂരാനാകുന്ന തരത്തില്‍ ശക്തമായൊരു തീരുമാനമാണ് ഇപ്പോള്‍ മുഖ്യമന്ത്രി എടുത്തിരിക്കുന്നത്. ജിഷ്ണു പ്രണോയ് മരണപ്പെട്ട കേസില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ സി.പി ഉദയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു കൊണ്ടാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ വിമര്‍ശകരുടെ മുഖമടച്ചത്.
കേസ് അന്വേഷണത്തിലും നടത്തിപ്പിലും സര്‍ക്കാര്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉദയഭാനുവിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു കൂടിയാണ് സര്‍ക്കാര്‍ നടപടി. ഇതോടെ കുടുംബം പ്രതീക്ഷയിലുമാണ്. ഉന്നതരായ പ്രതികളോട് അനുരജ്ജനത്തിന് നില്‍ക്കാതെ കൃത്യമായി മുന്നോട്ടു പോകുക എന്നതാണ് അഡ്വ. സി പി ഉദയഭാനുവിന്റെ ശൈലി. ഈ ശൈലിയില്‍ തന്നെയാണ് ആളുകള്‍ക്ക് പ്രതീക്ഷയും.
കേസില്‍ പ്രതികളെ ചേര്‍ത്തും നേരത്തെ നല്‍കിയ എഫ്‌ഐആറില്‍ ആത്മഹത്യ പ്രേരണാകുറ്റം ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി ഒന്നരയാഴ്ച്ച് കഴിയുമ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി കൃഷ്ണദാസിന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായതും. കൃഷ്ണദാസും പിആര്‍ഒയെയും കൂടാതെ വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ സി പി പ്രവീണ്‍, പരീക്ഷാ സെല്‍ അംഗം ദിപിന്‍ എന്നിവരാണ് കേസിലെ ആരോപണ വിധേയര്‍. കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പൊലീസ് പല തവണ ആവശ്യപ്പെട്ടിരുന്നു.
അഡ്വ. ഉദയഭാനുവിന്റെ നിയമനത്തെ പ്രസംശിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. ഉദയഭാനുവിന്റെ കണിശതയാണ് ചന്ദ്രബോസ് വധക്കേസില്‍ നിസാമിനെ അഴിക്കുള്ളിലാക്കിയത്. കേസില്‍ കോടികള്‍ കൊണ്ടു അമ്മാനമാടുന്ന പ്രതി സര്‍ക്കാര്‍ അഭിഭാഷകനെ സ്വാധീനിക്കാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഈ കേസില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും അദ്ദേഹം തയ്യാറായില്ല. സമാനമായ വിധത്തില്‍ ഏറെ സ്വാധീനങ്ങളുള്ളവാണ് ജിഷ്ണു വധക്കേസിലെയും പ്രതികള്‍. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയായ പി കൃഷ്ണദാസിന് വേണ്ടിയാണ് പൊലീസ് തന്നെ ഈ വിഷയത്തില്‍ അലംബാംവം കാണിച്ചത്.
നിസാം കേസില്‍ 5000 കോടിയുടെ ആസ്തിയുള്ള പണക്കൊഴുപ്പിന് മുന്നില്‍ നട്ടെല്ല് വളയാത്ത സിപി ഉദയഭാനുവാണ് നിസാമിന് ശിക്ഷ ഉറപ്പാക്കുന്നത്. പല പ്രലോഭനങ്ങള്‍ ഉണ്ടായി. കേസ് അന്വേഷണത്തില്‍ മുതലാളിക്ക് അനുകൂലമായുള്ള ഇടപടലും. ഇതെല്ലാം കരുതലോടെ കണ്ട് ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ചാണ് ഉദയഭാനുവെന്ന അഭിഭാഷകന്‍ താരമാമായത്. നിസാമിന്റെ കൊലക്കുറ്റത്തെ വെറുമൊരു വാഹനാപടകമാക്കി മാറ്റാനുള്ള സാധ്യതയെല്ലാം ഉണ്ടായിരുന്നു. നിസാമിനെ വിഷാദ രോഗിയായി ചിത്രീകരിക്കാനും നീക്കമുണ്ടായി. ഇതിനെല്ലാം പൊലീസ് തലപ്പത്തുള്ളവരുടെ ഒത്തശയുമുണ്ടായിരുന്നു. ചികില്‍സാ പിഴവായി മരണത്തെ ചിത്രീകരിക്കാനും ശ്രമിച്ചു. അതെല്ലാം പ്രോസിക്യൂട്ടറുടെ ശക്തമായ നീക്കമാണ് പൊളിച്ചത്. വധശിക്ഷയ്ക്കായി ശക്തമായി വാദിച്ചെങ്കിലും അന്വേഷണത്തിന്റെ തുടക്കത്തില്‍ വന്ന പിഴവുകള്‍ വിനായാകുകയായിരുന്നു. അപ്പോഴും വെറുമൊരു വാഹനാപകടമാക്കി മാറ്റാതിരിക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഉദയഭാനുവിനായി.
വിചാരണ തുടങ്ങി ആദ്യദിനം തന്നെ ദൃക്‌സാക്ഷി കൂറുമാറിയ കേസായിരുന്നു ചന്ദ്രബോസ് കൊലക്കേസ്. അതുകൊണ്ട് തന്നെ എല്ലാം തകര്‍ന്നടിയുമെന്ന് കരുതിയവരുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ നിസമാന്റെ പണക്കരുത്ത് സജീവമായുണ്ടായിരുന്നു. ആദ്യ ദിനം പ്രോസിക്യൂഷന് എതിരായി മൊഴി കൊടുത്ത അനൂപ് അടുത്ത ദിവസം സത്യം പറഞ്ഞു. മുഖ്യസാക്ഷി കൂറുമാറിയെന്ന് ആദ്യ ദിനം പ്രഖ്യാപിച്ച അതേ കോടതിയില്‍ അനൂപ് കണ്ടെതെല്ലാം തുറന്നു പറഞ്ഞു. ആദ്യം ദിനം മൊഴിമാറ്റിയ സാക്ഷിയുടെ വിസ്താരം രണ്ടാം ദിനത്തിലേക്ക് നീട്ടിയെടുത്ത പ്രോസിക്യൂട്ടറുടെ തന്ത്രമാണ് ഫലം കണ്ടത്. ചന്ദ്രബോസിനെ ക്രൂരമായി കൊന്ന നിസാമിനെ രക്ഷിക്കാന്‍ മൊഴി കൊടുത്ത അനൂപിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ന്നു. അനൂപിന്റെ ഭാര്യയും മക്കളും പോലും തള്ളിപ്പറഞ്ഞു. ഇതോടെ അടുത്ത ദിവസം സത്യം പറയുകയായിരുന്നു.
കുറൂമാറിയ സാക്ഷിക്കെതിരെ അതി ശക്തമായ വാദവും ഉദയഭാനു നടത്തി. അനൂപിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നായിരുന്നു ആവശ്യം. ഇത് ഏതാണ്ട് കോടതിയും അംഗീകരിച്ചു. എന്നാല്‍ മകളേയും കൊണ്ട് ആശുപത്രിയില്‍ പോകണമെന്ന ആവശ്യം അനൂപ് ഉന്നയിച്ചപ്പോള്‍ ഉദയഭാനും വഴങ്ങി. പിന്നീടൊരിക്കലും സാക്ഷികള്‍ കള്ളം പറഞ്ഞില്ല. നിസാം ഹാജരാക്കിയ സാക്ഷികള്‍ പോലും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി കൊടുത്തത്. നിസാമന്റെ ഭാരയുടെ മൊഴിമാറ്റം കേസിനെ സ്വാധീനിക്കില്ലെന്ന് ഉറപ്പാക്കാനും കഴിഞ്ഞു. ശാസ്ത്രീയ തെളിവുകള്‍ തീരെ അവശേഷിക്കാത്ത കേസായിരുന്നു ഇത്. ഹമ്മര്‍ മാത്രമായിരുന്നു തൊണ്ടി മുതല്‍. ചന്ദ്രബോസിന്റെ വസ്ത്രം പോലും നശിപ്പിക്കപ്പെട്ടു. ഇതൊന്നും വിവാദമാക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മെനക്കെട്ടില്ല. സാക്ഷി മൊഴികളുടെ കരുത്തില്‍ നിസാമിന്റെ കൊലക്കുറ്റം സ്ഥാപിക്കാന്‍ പ്രോസിക്യൂട്ടര്‍ക്കായി.
സാധാരണ പ്രധാന കേസുകളിലെല്ലാം പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് താരമാവുക. എന്നാല്‍ നിസാമിന് ശിക്ഷ എത്തുമ്പോള്‍ പ്രോസിക്യൂട്ടറും. കള്ളക്കളികള്‍ കാരണം സിബിഐ അന്വേഷണത്തിന് പോലും മുറവിളി ഉയര്‍ന്ന കേസാണ് ഇത്. നേര് പുറത്തെത്തുന്നതിനോട് കേരളാ പൊലീസിന് ഒട്ടും താല്‍പ്പര്യമില്ലാതിരുന്ന കൊലപാതകം. മുതലാളിയായ നിസാമിന് മുന്നില്‍ താണ് വണങ്ങി നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വവും. അതുകൊണ്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ പോലെയായിരുന്നു ഉദയഭാനുവിന്റെ ഇടപെല്‍. സിബിഐ സ്റ്റൈലില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചകളെ ഉദയഭാനും സ്വന്തം നിലയില്‍ മറികടന്നു. ഇത് തന്നെയാണ് ചന്ദ്രബോസ് വധക്കേസിലെ വിധിന്യായത്തിലും തെളിയുന്നത്.
നിസാമിന്റെ കേസില്‍ അന്വേഷണം തുടങ്ങിയതു മുതല്‍ കള്ളക്കളികള്‍ വ്യക്തമായിരുന്നു. തൃശൂര്‍ എസ്പി ജേക്കബ് ജോബിന്റെ ഇടപെടലും ചര്‍ച്ചയായി. തുടക്കത്തില്‍ തന്നെ പ്രോസിക്യൂട്ടറെ സ്വാധീനിച്ച് ജാമ്യം ഉറപ്പാക്കാന്‍ നിസാമും കള്ളക്കളി തുടങ്ങി. വെറുമൊരു അപകടമരണമായി കണ്ട് എല്ലാം ഒതുക്കാനുള്ള പഴുതുകള്‍ ഏറെയുണ്ടായിരുന്നു. ചന്ദ്രബോസിന്റെ ഭാര്യ മന്ത്രിയെ കാശുകൊടുത്ത് സ്വാധീനിക്കാനുള്ള നീക്കം പൊളിഞ്ഞപ്പോഴായിരുന്നു ഇത്. പ്രോസിക്യൂട്ടര്‍ പിടിവിട്ടാല്‍ നിസാം പുല്ലുപോലെ ഊരുമെന്ന് ഏവരും ഉറപ്പിച്ച നിമിഷം. അവിടെയാണ് സിപി ഉദയഭാനുവിന്റെ പേര് ഉയര്‍ന്നു വന്നത്. കോണ്‍്ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇതിനെ അട്ടിമറിക്കാന്‍ നീക്കം സജീവമായി. ഒരു ഇടതുപക്ഷക്കാരന്‍ എങ്ങനെ വലത് സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക പ്രോസിക്യൂട്ടറാകുമെന്നായിരുന്നു ചോദ്യം.
എന്നാല്‍ ഉദയഭാനുവെന്ന അഭിഭാഷകനെ കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്ക് നന്നായി അറിയാമായിരുന്നു. കേസ് ഏറ്റെടുത്താല്‍ ആ പക്ഷത്ത് നിന്ന് നിയമപോരാട്ടം നടത്തും. വാദിയുടെ പക്ഷത്തിന് നിന്ന് പ്രതിയേയും പ്രതിക്കൊപ്പം നിന്ന് വാദിയേയും സഹായിക്കാത്ത അഭിഭാഷകനായി മാദ്ധ്യമങ്ങളും രംഗത്തു വന്നു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റിക്കാരനെ ഹമ്മര്‍ ഇടിച്ചു കൊന്ന നിസാമിന്റെ ക്രൂരതകളെ തുറന്നുകാണിച്ച അതേ ജാഗ്രത പ്രോസിക്യൂട്ടര്‍ക്കായും പുലര്‍ത്തി. ചന്ദ്രബോസിന്റെ കുടുംബവും ഉദയഭാനുവെന്ന പേരില്‍ വിശ്വാസം അര്‍പ്പിച്ചു. സിപിഐ എംഎല്‍എ വി എസ് സുനില്‍കുമാറായിരുന്നു ഉദയഭാനുവെന്ന പ്രോസിക്യൂട്ടറെ അന്ന് ഉയര്‍ത്തിക്കാട്ടിയത്. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ചന്ദ്രബോസ് വധക്കേസില്‍ അഡ്വ സി പി ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി ആഭ്യന്തര വകുപ്പ് നിയമിച്ചു. നിസാം കേസുമായി ഏറെ സാമ്യങ്ങളാണ് ജിഷ്ണു വധക്കേസിനുള്ളത്. ഉന്നതരുടെ സ്വാധീനത്തിന് വഴങ്ങാത്ത അഭിഭാഷകനെയാണ് ജിഷ്ണുവിന്റെ കുടുംബവും ആഗ്രഹിച്ചത്. ഇതനുസരിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ അഡ്വ. സി പി ഉദയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.


