കോട്ടയം: ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിന്റെ തുടർനടപടികൾക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ പ്രതികരണവുമായി സിസ്റ്റർ റാണിറ്റ്. ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തെ തന്നെ നല്‍കിയതിന് നന്ദിയെന്നും സിസ്റ്റര്‍ റാണിറ്റ് പ്രതികരിച്ചു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദി എന്നായിരുന്നു സിസ്റ്റര്‍ റാണിറ്റ് പറഞ്ഞത്.
സംഭവത്തില്‍ നടന്ന സമരങ്ങളെയോ പ്രതിഷേധങ്ങളെയോ കുറിച്ച് അറിയില്ലെന്നും ജനങ്ങള്‍ അങ്ങനെയൊക്കെ നടത്തുന്നുണ്ടാകുമെന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു. തനിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും റാണിറ്റ് കൂട്ടിച്ചേര്‍ത്തു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദി. ആവശ്യപ്പെട്ട ആളെ തന്നെ ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചതെന്നും സിസ്റ്റർ മാധ്യമങ്ങളോട് വിശദമാക്കി. മുൻ നിയമസെക്രട്ടറി അഡ്വ. ബി.ജി.ഹരീന്ദ്രനാഥിനെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ ഇന്നലെയാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ വിട്ട് നല്കാത്തത് കേസിലെ പരാതിക്കാരിയായ സി. റാണിറ്റ് ഏഷ്യാനെറ്റ് ന്യൂസിലൂടെ തുറന്ന് പറഞ്ഞിരുന്നു. സിസ്റ്ററുടെ തുറന്നുപറച്ചിലിന്റെ ആറാം നാളാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിലെ പരാതിക്കാരി സിസ്റ്റർ റാണിറ്റ് ഏഷ്യാനെറ്റ് ന്യൂസ് അസി.എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി.ജോണിന് അനുവദിച്ച അഭിമുഖത്തിലാണ്, സ്പെഷ്യൽ പ്രോസിക്യൂട്ടർക്കായുള്ള നീണ്ടു നീണ്ടു പോകുന്ന കാത്തിരിപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖം പുറത്ത് വന്നതിനെ പിന്നാലെയാണ് കേസിൽ നിര്‍ണായക വഴിത്തിരിവ്.
ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനായ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാരും അതിജീവിതയും അപ്പീല്‍ നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിന്റെ തുടര്‍നടപടികള്‍ക്കായാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പീഡനം നടന്നതായാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ഉയര്‍ന്നത്. 13 തവണ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 2018 സെപ്റ്റംബറിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത്. ലൈംഗീകാതിക്രമ കേസില്‍ ഇന്ത്യയില്‍ അറസ്റ്റിലാവുന്ന ആദ്യത്തെ കത്തോലിക്ക ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍.










