മിസോറാം ഗവര്‍ണറായി പി.എസ് ശ്രീധരന്‍പിള്ളയെ നിയമിച്ച് ഉത്തരവ്. ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയാണ് പി.എസ് ശ്രീധരന്‍പിള്ള. കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ പിന്നോട്ടടിയെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്‍റിനെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനു മുമ്പ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെയാണ് മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി കുമ്മനം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് മിസോറാമില്‍ ഗവര്‍ണറുടെ ഒഴിവ് നിലനിന്നിരുന്നു. ഇവിടേക്കാണ് ഇപ്പോള്‍ പി.എസ് ശ്രീധരന്‍പിള്ളയെ നിയമിക്കുന്നത്.
ഗവര്‍ണര്‍ പദവി ജനസേവനത്തിനുള്ള ഉപാധിയായി കാണുന്നുവെന്ന് ശ്രീധരന്‍ പിള്ള പ്രതികരിച്ചു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എം.ടി രമേശ് എന്നിവരെയാണ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ എം.ടി.രമേശിനാണ് കൂടുതൽ സാധ്യത കൽപിക്കുന്നത് .
എ.ബി.വി.പി നേതാവായിരുന്നു ഇദ്ദേഹം. പിന്നീട് വിദ്യാഭ്യാസ കാലത്തിന് ശേഷം ഹൈക്കോടതിയില്‍ വക്കീലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ജമ്മുകശ്മീര്‍ ഗവര്‍ണര്‍ ആയിരുന്ന സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്രയാണ് ജമ്മു കശ്മീരിലെ പുതിയ ഗവര്‍ണര്‍.