കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി നിലപാട് തിരുത്തണമെന്ന് സ്‌കൂൾ അധികൃതർ. സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന. സർക്കാരിന് രേഖാമൂലം മറുപടി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിസ്റ്റർ ഹെലീന വ്യക്തമാക്കി. കുട്ടിയെ പുറത്താക്കിയിട്ടില്ല, ഹിജാബ് ധരിച്ച് തന്നെയാണ് ആർട്സ് ഡേയിൽ പങ്കെടുത്തത്. മന്ത്രി കാര്യങ്ങൾ പഠിക്കാതെയാണ് പറയുന്നത്.
ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ടാണ്. യൂണിഫോം നിശ്ചയിക്കാൻ സ്കൂൾ മാനേജ്മെന്റിന് അധികാരമുണ്ട്. കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ഹെലീന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി സംസാരിച്ചത് കാര്യമറിയാതെയാണ്. സ്കൂളിന് എല്ലാ കുട്ടികളും ഒരുപോലെയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ഡിഡിഇ ഓഫീസിൽനിന്നുള്ള റിപ്പോർട്ട് സത്യവിരുദ്ധമാണെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. തെളിവോടുകൂടി ഇക്കാര്യത്തിൽ സർക്കാരിന് മറുപടി നൽകിയിട്ടുണ്ട്. കുട്ടിയെ പുറത്താക്കിയിട്ടില്ല. ഇപ്പോഴും കുട്ടി ഈ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. നിരവധി മുസ്‌ലിം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. അവരെല്ലാം സ്കൂളിന്‍റേതായ സമാനനിർദേശങ്ങളാണ് പാലിക്കുന്നത്. കുട്ടിയുടെ പിതാവിനെ ഉടൻ കാണും. ഇവിടെ കുട്ടികളെല്ലാം തുല്യരാണെന്നും പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു.
സ്‌കൂൾ മാനേജ്‌മെന്റും വിദ്യാർത്ഥിയുടെ രക്ഷിതാക്കളും തമ്മിൽ ഒത്തുതീർപ്പിലെത്തിയ വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രി നടപടി എടുത്തിരിക്കുന്നതെന്ന് സ്‌കൂൾ അഭിഭാഷക പറഞ്ഞു. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള വിഷയം എങ്ങനെ മനോഹരമായി സമാവായത്തിലെത്തിക്കാമോ അത്തരത്തിലാണ് സ്‌കൂൾ മാനേജ്‌മെന്റ് ഇതിനെ കൈകാര്യം ചെയ്തത്. കുഞ്ഞിനെ സ്‌കൂളിൽ നിന്ന് മാറ്റാൻ താല്പര്യമില്ലെന്നും തുടർപഠനം ഇവിടെതന്നെ മതിയെന്നും രക്ഷിതാവ് പറഞ്ഞിരുന്നു. തന്റെ മകളുടെ പേരുപറഞ്ഞ് വർഗീയ ആളിക്കത്തിക്കുന്നതിനോട് താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞതിന് പിന്നാലെ ഇന്ന് രാവിലെ മാത്രമാണ് സ്‌കൂളിന് നോട്ടീസ് പോലും വകുപ്പിൽനിന്ന് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി കാര്യങ്ങളെ യാതൊരു രീതിയിലും പഠിച്ചിട്ടില്ല എന്നത് നോട്ടീസിൽനിന്ന് വ്യക്തമാണെന്നും അഭിഭാഷക പറഞ്ഞു.
കുട്ടിയെ സ്‌കൂളിൽനിന്ന് പറഞ്ഞുവിട്ടിട്ടില്ല. ഹിജാബ് ധരിച്ച് കുട്ടി സ്‌കൂളിലെ പരിപാടികളിൽ പങ്കെടുത്തതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം മാനേജ്‌മെന്റിന്റെ കയ്യിലുണ്ട്. ഇതൊന്നും വിദ്യാഭ്യാസമന്ത്രിയോ വകുപ്പോ കണ്ടിട്ടില്ല. അത് നോട്ടീസിൽനിന്ന് വ്യക്തമാണ്. കോടതിയുടെ നിയമപ്രകാരം മാത്രമേ സ്‌കൂൾ മുന്നോട്ടു പോകുകയുള്ളൂ. പറഞ്ഞ പ്രസ്താവന മന്ത്രി തിരുത്തണം. വസ്തുതാവിരുദ്ധമായ റിപ്പോർട്ട് പ്രകാരമുള്ള നിർദേശത്തിനെതിരെ കോടതിയെ സമീപിക്കും. യൂണിഫോം നിശ്ചയിക്കുന്നത് സ്‌കൂളുകളുടെ അധികാരമാണെന്നും അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂളിന് യൂണിഫോം കോഡ് ഉണ്ട്. അത് കുട്ടികളുടെ തുല്യത ഉറപ്പുവരുത്തുന്നതാണ്. ഇതിന്റെ പേരിൽ കുട്ടിയെ യാതൊരു തരത്തിലും വേദനിപ്പിച്ചിട്ടില്ലെന്നും അഭിഭാഷക വ്യക്തമാക്കി.
അതേ സമയം, വിദ്യാഭ്യാസ മന്ത്രിക്കെതിരെ സ്കൂൾ PTA പ്രസിഡന്റ് രംഗത്തെത്തി. സ്‌കൂള്‍ യൂണിഫോം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ പറഞ്ഞു. മുന്‍ നിലപാടില്‍ നിന്നും ഒരു മാറ്റവുമില്ല. കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്‌കൂളിന്റെ അവകാശം. സ്‌കൂള്‍ യൂണിഫോം ധരിച്ച് സ്‌കൂളിലെത്താമെന്ന് കുട്ടിയും രക്ഷിതാവും സമ്മതിച്ചതാണ്. പിന്നീട് മന്ത്രി പ്രതികരണവുമായി എത്തിയത് ശരിയായില്ലെന്നും പിടിഎ പ്രസിഡന്റ് വ്യക്തമാക്കി.
കുട്ടിയുടെ അവകാശം പോലെ സ്കൂളിനും അവകാശമുണ്ട്. ഇങ്ങനെയുള്ള മന്ത്രിമാരെ വിദ്യാഭ്യാസ പോലുള്ള വകുപ്പ് ഏൽപ്പിക്കുമ്പോൾ മുഖ്യമന്ത്രി ആലോചിക്കണ്ടേ. മുഖ്യമന്ത്രി നല്ല ശുദ്ധമായ കൈകളിൽ അല്ലെ ഇതെല്ലാം കൊടുക്കേണ്ടത്. മന്ത്രിയെ വിജയിപ്പിച്ച ജനങ്ങളാണ് ആദ്യം മനസിലാക്കേണ്ടത്. ഹൈക്കോടതി വിധിയെ തടുക്കാൻ മന്ത്രിക്ക് പറ്റില്ലല്ലോ.









