കോട്ടയം : കല്യാണ്‍ സില്‍ക്‌സില്‍ നിന്നും വാങ്ങിയ ഷര്‍ട്ട് അലക്കിയപ്പോള്‍ നിറം പോയതിനാല്‍ മാറ്റിവാങ്ങാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ കടയിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥി കോളേജില്‍ തിരിച്ചെത്തി കൂട്ടുകാരെ കൂട്ടി. പ്രകടനമായി കോട്ടയം നഗരും സ്തംഭിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കല്യാണ്‍ സില്‍ക്‌സ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി തലയൂരി. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി കത്തിക്കയറിയപ്പോള്‍ മാനേജ്മെന്റിന് അത് പുതിയ പാഠമായി. അങ്ങനെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ പുതിയ അധ്യായമായി ബസേലിയോസ് കോളജ് വിദ്യാര്‍ത്ഥികള്‍ കല്യാണിനെ വെള്ളം കുടിപ്പിച്ചു.
നിറം പോയ ഷര്‍ട്ട് മാറ്റി വാങ്ങാനെത്തിയ റെന്‍സണ്‍ എന്ന വിദ്യാര്‍ത്ഥിയെ ഷോറൂമിന്റെ ഡ്രസ് ട്രയല്‍ റൂമിലിട്ട് പൊതിരെ തല്ലിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സംഭവം അറിഞ്ഞതോടെ കോളജ് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രകടനമായി എത്തി. ഇതോടെ നഗരം സ്തംഭിച്ചു. നാണക്കേടില്‍ നിന്നും തലയൂരാന്‍ സില്‍ക്ക്സ് നഷ്ടപരിഹാരം നല്‍കാമെന്ന് വാക്ക് നല്‍കി. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരങ്ങള്‍ ചര്‍ച്ചയാക്കിയ ചാനലുകളും പത്രങ്ങളും പക്ഷേ ഈ സമരം കണ്ടില്ലെന്ന് നടിച്ചു. അതാണ് മറ്റൊരു വൈരുദ്ധ്യം. കോട്ടയം നഗരം സ്തംഭിച്ചിട്ടും ആരും ഇത് അറിഞ്ഞില്ല. ബസേലിയോസ് കോളജ് ധനതത്വശാസ്ത്ര വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി റെന്‍സനാണ് മര്‍ദ്ദനമേറ്റത്.സംഭവത്തെ തുടര്‍ന്ന് ഇവര്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസ് ഒുതക്കാനും വാര്‍ത്ത വരാതിരിക്കാനും മാനേജ്‌മെന്റ് സമ്മര്‍ദം ചെലുത്തുകയാണ്.
വിദ്യാര്‍ത്ഥിയെ ജീവനക്കാരന്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയം കല്യാണ്‍ സില്‍ക്സിലേക്ക് ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിയോടെ ബസേലിയോസ് കോളജ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. വിദ്യാര്‍ത്ഥിനികള്‍ അടക്കം അണിനിരന്ന പ്രതിഷേധ പ്രകടനം നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. വിദ്യാര്‍ത്ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കല്യാണ്‍ സില്‍ക്സ് മാനേജ്മെന്റ് ക്ഷമ ചോദിക്കുകയും നഷ്ടപരിഹാരമായി ഒരുലക്ഷം നല്‍കാമെന്നും എഴുതി നല്‍കി. നഷ്ടപരിഹാരത്തുകയായ ഒരു ലക്ഷം രൂപ ചെക്ക് ആയി നല്‍കാമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പ്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പിന്നീട് അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
കല്യാണ്‍സില്‍ക്സില്‍ നിന്നും തിങ്കളാഴ്ച്ചയാണ് റെന്‍സണും കൂട്ടുകാരന്‍ ആഷിഖും ഷര്‍ട്ട് വാങ്ങിയത്. ഇവര്‍ വാങ്ങിയ ഷര്‍ട്ട് കഴുകിയപ്പോള്‍ നിറം ഇളകി. റെന്‍സന്‍ ഇക്കാര്യം കടയില്‍ അറിയിച്ചപ്പോള്‍ ഷര്‍ട്ട് നല്‍കാമെന്ന് കല്യാണ്‍ സിക്സ് ജീവനക്കാര്‍ അറിയിച്ചു. ഇവര്‍ പറഞ്ഞതനുസരിച്ച് ചൊവ്വാഴ്ച്ച രാത്രിയില്‍ ഷോറൂമില്‍ എത്തിയപ്പോള്‍ ജീവനക്കാരന്‍ സ്വരം മാറ്റി. നിരവധി കസ്റ്റമേഴ്‌സ് ഉള്ളപ്പോഴായിരുന്നു വിദ്യാര്‍ത്ഥികള്‍ കടയിലേക്ക് എത്തിയത്. വിദ്യാര്‍ത്ഥിയുടെ കയ്യിലിരുന്ന ഷര്‍ട്ട് കണ്ടപ്പോള്‍ വസ്ത്രം വാങ്ങാതെ ചില ഉപഭോക്താക്കള്‍ കല്യാണില്‍ നിന്നും ഇറങ്ങിപ്പോയി.
ഇത് സെയില്‍സ്മാനെ പ്രകോപിപ്പിച്ചു. സെയില്‍സ്മാന്‍ റെന്‍സനോട് കയര്‍ത്തു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. തര്‍ക്കം മൂത്തപ്പോള്‍ സെയില്‍മാന്മാരില്‍ ഒരാള്‍ റെന്‍സണെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് മര്‍ദിക്കുകയുമായിരുന്നു. ഇത് തടയാനെത്തിയ സുഹൃത്ത് ആഷിഖിനെയും ഇവര്‍ മര്‍ദ്ദിച്ചു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഷോപ്പിലേക്ക് മാര്‍ച്ച് നടത്തിയത്. ഉച്ചയ്ക്ക് ശേഷം ബസേലിയോസ് കോളജില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കല്യാണ്‍ സില്‍ക്സിന്റെ മുന്‍പില്‍വച്ച് പൊലീസ് തടഞ്ഞു.
സില്‍ക്‌സിനെതിരായ പ്‌ളക്കാര്‍ഡുമായാണ് വിദ്യാര്‍ത്ഥികള്‍ വന്നത്. അവര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ ഇവരുടെ പ്രതിനിധികളായ രണ്ടുപേരെ ഷോറൂമിലേക്ക് പൊലീസ് കടത്തി വിട്ടത്. ഒന്നരമണിക്കൂറോളം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി റോഡില്‍ പൊരിവെയിലില്‍ കൂസാതെ നിന്നു. നഷ്ടപരിഹാരത്തിന് മാനേജ്മെന്റ് സമ്മതിച്ചതോടെയാണ് വിദ്യാര്‍ത്ഥി പ്രതിഷേധം അവസാനിപ്പിച്ചത്.


