കോട്ടയം: വൈദിക വിദ്യാര്‍ത്ഥിയെ യൂത്ത് കോണ്‍ഗ്രസ് നേതാവും സംഘവും ഹോസ്റ്റലില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കുറവിലങ്ങാട് ദേവമാതാ കോളജില്‍ ദേവമാതാ കോളജ് ബിഎസ്സി സുവോളജി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി തൊടുപുഴ മണക്കാട് മഠത്തില്‍ വീട്ടില്‍ ബിബി എബ്രാഹം (20) ആണ് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിബിയെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. കെഎസ്യു യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം അരങ്ങേറിയത്. ഉറങ്ങുകയായിരുന്ന ബിബി എബ്രഹാമിനെ കട്ടിലില്‍ നിന്നു വലിച്ചിട്ട് ചവിട്ടുകയും വടി കൊണ്ട് അടിക്കുകയുമായിരുന്നു. വെളുപ്പിന് 2.30 ഓടെ വാതിലില്‍ ആരോ തട്ടുന്നതുകേട്ട് കൂടെ മുറിയിലുണ്ടായിരുന്ന വിഷ്ണുവാണ് വാതില്‍ തുറന്നത്. വിഷ്ണുവിനെ തള്ളിമാറ്റിയ ശേഷം അരുണ്‍ ബിബിയെ കിടന്നുറങ്ങിയകട്ടിലില്‍ നിന്ന് വലിച്ച് താഴെയിട്ട് ചവിട്ടി. കഴുത്തില്‍ വടികൊണ്ടടിച്ചു. മുറിയില്‍നിന്ന് വലിച്ച് പുറത്തുകൊണ്ടുപോയ ശേഷവും മര്‍ദ്ദനം തുടര്‍ന്നു. സംഭവം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഏതാനും ദിവസങ്ങളായി ദേവമാതാ കോളജില്‍ നേരിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കെഎസ്യുവിന്റെ യൂണിറ്റ് കോളജില്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം. എന്നാല്‍, ഇതെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെ ഇടപെട്ട് സംസാരിച്ചു തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ അരങ്ങേറിയതെന്നാണ് പറയപ്പെടുന്നത്. അന്നു തര്‍ക്കത്തില്‍ കെഎസ്യുവിന്റെ പക്ഷംപിടിച്ചിരുന്ന അരുണ്‍ മറ്റു കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ മുന്‍വൈരാഗ്യമാണ് അക്രമത്തില്‍ എത്തിയതെന്നാണ് പൊലീസ് നിഗമനം.
ബിബിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് രണ്ടാം വര്‍ഷ ബിഎസ്സി സുവോളജി വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി പ്രിന്‍സിപ്പലിന് പരാതി നല്‍കി. പരാതി പൊലീസിനു കൈമാറി. പരുക്കേറ്റ ബിബിനെ സഹപാഠികളാണ് കുറവിലങ്ങാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചത്. അരുണ്‍ ജോസഫ്, സുഹൃത്തുക്കളായ എബിന്‍, മെല്‍ബിന്‍ തുടങ്ങി കണ്ടാല്‍ അറിയാവുന്ന പത്തോളം പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.


