അമ്മയുടെ വഴക്ക് സഹിക്കാനായില്ല; പതിന്നാലുകാരൻ തൂങ്ങി മരിച്ചു

ക്രൈം ഡെസ്‌ക്

കോട്ടയം: ഓമനിച്ചും ലാളിച്ചും വളർത്തുന്ന കുട്ടികളുടെ കൈവളരുന്നുണ്ടോ, കാല് വളരുന്നുണ്ടോ എന്നു നോക്കിയാണ് ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളെ വളർത്തുന്നത്. വഴക്കു പറയാതെ, മുഖത്ത് കടുപ്പിച്ചൊന്നു നോക്കുക പോലും ചെയ്യാതെയാണ് കുട്ടികളെ ഓരോരുത്തരും വളർത്തുന്നത്. അതുകൊണ്ടു തന്നെ കുട്ടികൾ എന്തു ചെയ്താലും പലരും ക്ഷമിച്ചും സഹിച്ചും ഇരിക്കും. എന്നാൽ, ഇതൊന്നും മനസിലാക്കാതെയാണ് കുട്ടികൾ വളരുന്നത്. അതുകൊണ്ടു തന്നെ ഒരു ചെറിയ കാര്യത്തിനു പോലും ഈ കുട്ടികളുടെ മനസ് ചഞ്ചലപ്പെടും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പാലായിലുണ്ടായത്. പഠിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞ മനോവിഷമത്തിൽ പാലായിലാണ് പതിനാലുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പാലാ വലവൂർ വലവുർകാലായിൽ നന്ദു ശ്യാമിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂളിൽ നിന്നും മടങ്ങിയെത്തി കുളിച്ച ശേഷം പഠിക്കാൻ അമ്മ നന്ദുവിനോടു ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാതെ വന്നതോടെ സഹോദരിയുടെ മുന്നിൽ വച്ച് അമ്മ നന്ദുവിനെ വഴക്കു പറഞ്ഞു. ഒപ്പം സഹോദരി കളിയാക്കുകയും ചെയ്തു. ഈ മനോവിഷമത്തിൽ നന്ദു തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പാലാ ഗായത്രി സെൻട്രൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് നന്ദു. സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം യൂണിഫോം മാറാതെ നന്ദു ടി.വി കണ്ടിരിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലെത്തിയ അമ്മ യൂണിഫോം മാറി, കുളിച്ച ശേഷം പഠിക്കാൻ ആവശ്യപ്പെട്ടു. ഇത് അനുസരിക്കാതെ നന്ദു ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വീണ്ടും മുറിയിലേയ്‌ക്കെത്തിയ അമ്മ കുട്ടിയെ വഴക്കു പറഞ്ഞു. തുടർന്ന് നന്ദു മുറിക്കുള്ളിൽ കയറി കതകടച്ചു. മുറിക്കുള്ളിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് അമ്മയും സഹോദരിയും നോക്കിയപ്പോഴാണ് ഫാനിന്റെ ഹുക്കിൽ കുടുക്കിയ ഷാളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ നന്ദുവിനെ കണ്ടത്. ഇരുവരും ചേർന്ന് ഷാൾ മുറിച്ച് കുട്ടിയെ താഴെയിറക്കി. തുടർന്നു ബന്ധുക്കളെ വിളിച്ചു വരുത്തി പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നന്ദുവിന്റെ പിതാവ് ശ്യാം വർഷങ്ങളായി വിദേശത്താണ്. പൊലീസ് കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top