കേസിലെ മാഡം കാവ്യ തന്നെ; എല്ലാം വെളിപ്പെടുത്തി; ഞെട്ടലോടെ സിനിമാ ലോകം

സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. കേസില്‍ ഇതുവരെ ഉയര്‍ന്നു കേട്ട മാഡം എന്ന വ്യക്തി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. മാഡം എന്ന വ്യക്തി ആരാണെന്ന് മുമ്പും മാധ്യമപ്രവര്‍ത്തകര്‍ നിരവധി തവണ ചോദിച്ചതാണ്. അപ്പോഴെല്ലാം ഇനിയും സ്രാവുകള്‍ ഉണ്ടെന്നും ഇപ്പോള്‍ അറസ്റ്റിലായ വ്യക്തി അല്ല പ്രധാനിയെന്നുമായിരുന്നു സുനി പറഞ്ഞിരുന്നത്. പക്ഷേ, ഇന്ന് പള്‍സര്‍ സുനിയെ കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്റെ മാഡം കാവ്യ തന്നെയാണെന്നാണ് സുനി മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ മാഡമാണ് പണം തന്നതെന്ന് സുനി പറഞ്ഞിരുന്നു. ഇനി കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലാണ് ദിലീപ് ജൂലൈ 10ന് അറസ്റ്റിലായത്. ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച പ്രധാന മൊഴികളും വെളിപ്പെടുത്തലുകളും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടേതായിരുന്നു. ഇയാള്‍ നടത്തിയ ഫോണ്‍വിളികള്‍, പോലീസിന് നല്‍കിയ മൊഴികള്‍, ജയിലില്‍ നിന്നയച്ച കത്ത് തുടങ്ങി നിരവധി കാര്യങ്ങളാണ് ദിലീപിന്റെ അറസ്റ്റിലേക്ക് എത്തിയത്. ഇപ്പോള്‍ ദിലീപിന്റെ ഭാര്യക്കും തിരിച്ചടിയാകുകയാണ് സുനിയുടെ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയുമായി ഭാര്യയായ കാവ്യയ്ക്കും ഭര്‍ത്താവിനും നേരത്തെ പരിചയമുണ്ടെന്ന് പോലീസിന് വ്യക്തം. പക്ഷേ, ഇരുവരും പറഞ്ഞത് മറ്റൊന്ന്. കേസ് നടപടികള്‍ ഇങ്ങനെ പുരോഗമിക്കവെയാണ് കേസിലെ പ്രധാനിയാണെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്ന മാഡത്തിന്റെ പേര് പുറത്തുവന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പള്‍സര്‍ സുനിയുടെ ഈ വെളിപ്പെടുത്തല്‍ കേസിനെ ഏത് രീതിയിലാണ് ബാധിക്കുക എന്നത് കാത്തിരുന്നു കാണാം. കാരണം ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയുടെ മൊഴി എത്രത്തോളം വിശ്വാസത്തിലെടുക്കും എന്നതാണ് പ്രശ്‌നം.

Top