ന്യൂഡല്‍ഹി: കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ട സമയത്ത് വാട്‌സാപ്പിലുടെ കേരളത്തിനെതിരായ ശബ്ദ രേഖ പ്രചരിപ്പിച്ച ആള്‍ക്ക് സുരക്ഷ നല്‍കാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. സുരേഷ് കൊച്ചാട്ട് എന്നയാളാണ് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇയാള്‍ പ്രളയ സമയത്ത് കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന ശബ്ദ രേഖ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചിരുന്നു.
പിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച സുരേഷിന്റെ ഓഡിയോ ക്ലിപ്പിനെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഇതേ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.പക്ഷേ ഇയാളുടെ കേസ് പരിഗണിച്ച കോടതി ആവശ്യം തള്ളുകയും സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ പോലീസിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
സുരേഷ് കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന് ആഹ്വാനം ചെയ്തന്നുമുതല്‍ ഇയാള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ തനിക്കെതിരെ വന്ന ഭീഷണികള്‍ കണക്കിലെടുത്ത് തനിക്കും തെലങ്കാനയിലുള്ള കുടുംബത്തിനും സുരക്ഷ നല്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഇയാള്‍ ബിജെപി ഐടി സെല്‍ അംഗമാണെന്നാണ് കാണിച്ചിരിക്കുന്നത്.


