എം. സ്വരാജിന്‍റെ കാല്‍ തൊട്ടു തൊഴാന്‍ രാഹുല്‍ ഈശ്വറിന് ആഗ്രഹം

തൃപ്പൂണിത്തുറയിലെ യോഗ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ ഇതരമതം സ്വീകരിച്ച ഹിന്ദു സ്ത്രീകളെ പീഡിപ്പിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമുഖ ചാനല്‍ പുറത്ത് വിട്ടിരുന്നു. ഈ ചാനല്‍ ചര്‍ച്ചയില്‍ ഡിവൈഎഫ്‌ഐ നേതാവും എംഎല്‍എയും ആയ എം സ്വരാജും രാഹുല്‍ ഈശ്വറും എല്ലാം പങ്കെടുത്തിരുന്നു. ചര്‍ച്ചക്കിടെ ആയിരുന്നു എം സ്വരാജിന്റെ കാല്‍ തൊട്ടുതൊഴാന്‍ ആഗ്രഹം തോന്നുന്നു എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. എന്തിനാണ് ഈ മതങ്ങളില്‍ ആളെ കൂട്ടുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നാണ് സ്വരാജ് പറഞ്ഞതാണ്. ഏതെങ്കിലും ദൈവം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നും സ്വരാജ് ചോദിച്ചു. സ്വരാജിന്റെ ഈ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. എന്നാല്‍ സ്വരാജിന്റെ നിലപാട് സംഘപരിവാര്‍ അനുകൂല നിലപാടാണ് എന്ന് ആക്ഷേപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിട്ടും ഉണ്ട്. അടുത്ത കാലത്ത് കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ നിര്‍ഭാഗ്യകരമാണ് എന്ന് സ്വരാജ് പറഞ്ഞു. കുറേ പേര്‍ മതത്തില്‍ ചേര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു, മറ്റ് ചിലര്‍ ചേര്‍ന്നവരെ തിരിച്ചുകൊണ്ടുവരാനും. ഇത്രമാത്രം അസംബന്ധവും അര്‍ത്ഥരഹിതവുമായ മറ്റൊരു കാര്യവും ഇല്ല എന്നാണ് സ്വരാജ് പറയുന്നത്. മതത്തെ സംബന്ധിച്ച്, ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഏത് മതത്തിലും ചേരാവുന്നതോ ഉപേക്ഷിക്കാവുന്നതോ ആയ ഗൗരവം മാത്രമേ ഉള്ളൂ എന്നാണ് സ്വരാജ് പറഞ്ഞുവയ്ക്കുന്നത്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ജമാ അത്തെ ഇസ്ലാമിയുടേയോ മീഡിയ വണ്‍ ചാനലിന്റേയോ അഭിപ്രായമല്ല തനിക്കുള്ളത് എന്നും സ്വരാജ് വ്യക്തമാക്കുന്നുണ്ട്. എല്ലാ തരപം വര്‍ഗ്ഗീയതയേയും മതപരിവര്‍ത്തന സംഘടിത നീക്കങ്ങളേയും താത്പര്യമില്ലാതെ നോക്കിക്കാണുന്ന ആളാണ് താന്‍ എന്നും സ്വരാജ് പറഞ്ഞു. തങ്ങളുടെ മതത്തിലേക്ക് ആളെ കൂട്ടാന്‍ സംഘടിതമായി ശ്രമിക്കുകയാണ്. അതിന് പണം ചെലവഴിക്കുന്നു, സമ്മര്‍ദ്ദവും ഭീഷണിയും ഉപയോഗിക്കുന്നു. എന്തിനാണ് ഇത് ചെയ്യുന്നത് എന്നാണ് സ്വരാജിന്റെ ചോജ്യം. ഒരു മതത്തില്‍ നിന്ന് ഒരാള്‍ പോയാല്‍ എന്താണ് കുഴപ്പം, കൂടുതലായി വന്നതുകൊണ്ട് എന്താണ് കുഴപ്പം? എന്തിനാണ് മാറ്റുന്നത്, എന്തിനാണ് തിരിച്ചുപിടിക്കുന്നത്? സ്വരാജിന്റെ ചോദ്യങ്ങള്‍ ഇങ്ങനെയാണ്.

സ്വരാജ് ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ രാഹുല്‍ ഈശ്വറിന് നന്നായി ഇഷ്ട്പ്പെട്ടു. അത് പരസ്യമായി പറയാനും രാഹുല്‍ തയ്യാറായി. സ്വരാജിന്റെ കാല്‍ തൊട്ട് തൊഴാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. പല ചര്‍ച്ചകളിലും എതിര്‍പക്ഷത്ത് ശക്തമായി എതിര്‍ക്കുന്ന ആളാണ് സ്വരാജ് എന്നും പറഞ്ഞു രാഹുല്‍ ഈശ്വര്‍. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതാണ് പ്രശ്‌നം എന്ന രീതിയില്‍ ആയി പിന്നീട് രാഹുല്‍. അതിന്റെ ഭാഗമായി രാഹുല്‍ ഈശ്വര്‍ ജനം ടിവിയേയും രൂക്ഷമായി വിമര്‍ശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top