സഭയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വിശ്വാസി കൂട്ടായ്മ; കര്‍ദിനാള്‍ തെറ്റിധരിപ്പിക്കുന്നു

കൊച്ചി: ഭൂമി വിവാദത്തില്‍ ഇളകി മറിഞ്ഞ സിറോ മലബാര്‍ സഭയില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വിശ്വാസികളുടെ കൂട്ടായ്മ. പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് കര്‍ദിനാള്‍ പ്രസ്താവിക്കുന്നത് സഭയെ തെറ്റിധരിപ്പിക്കാനാണെന്ന് ആര്‍ച്ച് ഡയസിയന്‍ മൂവ്മെന്റ് പ്രവര്‍ത്തകര്‍ ആരോപിച്ചു

ഭൂമി വില്‍പ്പന വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന സുപ്രീം കോടതി വിലയിരുത്തലിന് പിറകെയാണ് വിശ്വാസികളുടെ കൂട്ടായ്മയായ കൊച്ചിയില്‍ യോഗം ചേര്‍ന്നത്. ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ തന്നെ നിയമ പോരാട്ടം തുടരാന്‍ ഈ നിരീക്ഷണം സഹായകമാകുമെന്നാണ് യോഗം വിലയിരുത്തിയത്.

കെസിബിസിയുടെ ഇടനിലയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം പ്രശ്നങ്ങള്‍ എല്ലാം ഒത്തു തീര്‍പ്പാക്കിയെന്ന് കര്‍ദ്ദിനാള്‍ നടത്തിയ പ്രസ്താവന വിസ്വാസികളെയും വൈദിക സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുതാണെന്ന് സംഘടന കുറ്റപ്പെടുത്തി.

ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്ത കെസിബിസി ഭരാവാഹികളെ കണ്ട് തങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെടും. സ്ഥിരം സിനഡിനും ഇക്കാര്യം ചൂണ്ടികാട്ടി കത്ത് നല്‍കും. വിസ്വാസികള്‍ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ വൈദിക സമിതിയിലെ ചില അംഗങ്ങളും പങ്കെടുത്തിരുന്നു. പ്രശ്നങ്ങള്‍ പരിഹാരിക്കാനുള്ള ചര്‍ച്ച തുടങ്ങും മുമ്പ് എല്ലാം പരിഹരിച്ചെന്ന് കാണിച്ച് മറ്റ് അതിരൂപതകള്‍ക്കടക്കം കത്തെഴുതിയ കര്‍ദ്ദിനാളിന്റെ നടപടില്‍ വൈദിക സമിതി അംഗങ്ങള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കര്‍ദ്ദിനാളിനെ ഇക്കാര്യം നേരില്‍ ബോധ്യപ്പെടുത്താനും ഈസ്റ്ററിന് ശേഷം വൈദിക സമിതി വിളിക്കാനും ഇവര്‍ ആവശ്യപ്പെടുമെന്നും അറിയുന്നു.

Top