സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കെതിരെ സിറോ മലബാര്‍ സഭ നിയമനടപടിക്ക്

സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കെതിരെ സിറോ മലബാര്‍ സഭ നിയമനടപടിക്ക്. തെറ്റായതും അപകീര്‍ത്തികരവുമായ കുറിപ്പുകള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പുപറയണമെന്നും മേലില്‍ സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രതികരണങ്ങള്‍ പാടില്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. നിബന്ധനകള്‍ പാലിക്കാന്‍ തയാറാകാത്ത പക്ഷം സിവില്‍, ക്രിമിനല്‍ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നാണ് മുന്നറിയിപ്പ്. ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ കുറിപ്പിട്ടതിന്റെ പേരില്‍ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപത സുതാര്യസമിതിയുടെ ഭാരവാഹികള്‍ക്ക് സിറോ മലബാര്‍ സഭാ സിനഡ് വക്കീല്‍ നോട്ടീസ് അയച്ചു. വ്യക്തികള്‍ക്കെതിരെ സിറോ മലബാര്‍ സഭാ സിനഡ് മാനനഷ്ടക്കേസിനൊരുങ്ങുന്നത് അപൂര്‍വമാണ്. വക്കീല്‍ നോട്ടീസിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായി എ.എം.ടി. ഭാരവാഹികള്‍ പ്രതികരിച്ചു. സഭയെ പൊതുസമൂഹത്തിനു മുന്നില്‍ നാണം കെടുത്തിയ ബിഷപ്പുമാര്‍ക്കെതിരെ വിശ്വാസികളാണ് മാനനഷ്ടക്കേസ് നല്‍കേണ്ടതെന്ന് എ.എം.ടി. ഭാരവാഹികള്‍ പറഞ്ഞു.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാളിനെതിരെ ശക്തമായ നിലപാടെടുക്കുകയും ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പൂര്‍ണപിന്തുണ നല്‍കുകയും ചെയ്ത എ.എം.ടി. എന്ന സംഘടനയുടെ കണ്‍വീനര്‍മാരായ റിജു കാഞ്ഞൂക്കാരന്‍, ഷൈജു ആന്റണി എന്നിവര്‍ക്കാണ് സിറോ മലബാര്‍ സഭാ സിനഡിന്റെ പേരില്‍ വക്കീല്‍ നോട്ടിസ് ലഭിച്ചത്. ഇരുവരുടേയും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ സിറോ മലബാര്‍ സഭയുടേയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ള മെത്രാന്മാരുടേയും പ്രതിച്ഛായ്ക്ക് ഗുരുതരമായ ആഘാതം സൃഷ്ടിച്ചുവെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top