തമിഴ്നാട് സംസ്ഥാന സർക്കാർ നീണ്ട എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ആറു വർഷത്തെ ചലച്ചിത്ര പുരസ്കാരങ്ങൾ ഒരുമിച്ച് പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് ഇത് അഭിമാനത്തിന്റെ നിമിഷം. 2009 മുതൽ 2014 വരെയുള്ള ചലച്ചിത്ര പുരസ്കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നാലു വർഷവും മികച്ച നടിമാരായിരിക്കുന്നത് മലയാളികളാണെന്നതാണ് മലയാളത്തിന് അഭിമാനത്തിനു വകനൽകുന്നത്. അമലാ പോൾ, ഇനിയ, ലക്ഷ്മി മേനോൻ, നയൻതാര എന്നിവരാണ് മലയാളത്തിന്റെ അഭിമാനമായത്.
2010 ലെ മികച്ച നടിക്കുള്ള പുരസ്കാരം അമലാ പോളിനാണ്. മൈനയെന്ന ചിത്രത്തിലെ അഭിനയത്തിനാണ് അമലാ പോൾ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. തൊട്ടടുത്ത വർത്തെ മികച്ച നടിക്കുള്ള പുരസ്കാരം ഇനിയക്കാണ്. 2012 ൽ ലക്ഷ്മി മേനോൻ മികച്ച നടിയായി. 2013 ൽ രാജാറാണിയെന്ന സിനിമയിലൂടെ നയൻതാരയും മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായി. മലയാളിയല്ലെങ്കിലും മലയാളത്തിന് ഏറെപ്രിയപ്പെട്ട പദ്മപ്രിയക്കും മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 2009 ലെ പുരസ്കാരമാണ് പദ്മപ്രിയയെ തേടിയെത്തിയത്.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന സിനിമയിലെ അഭിനയത്തിന് നസ്രിയ നസിം പ്രത്യേക പുരസ്കാരത്തിന് അർഹയായി.
പ്രിഥ്വിരാജിന് ലഭിച്ചത് മികച്ച വില്ലനുള്ള പുരസ്കാരം. കാവ്യ തലൈവൻ എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിനാണ് 2014 മികച്ച വില്ലനുള്ള പുരസ്കാരം പ്രിഥ്വിയെ തേടിയെത്തിയത്. മലയാളി ഗായികമാരും തമിഴിൽ മികവറിയിച്ചു. 2011 ലെ മികച്ച ഗായിക ശ്വേതാ മോഹനും 2014 ലെ മികച്ച ഗായിക ഉത്തരാ ഉണ്ണികൃഷ്ണനുമാണ്. കാവ്യതലൈവൻ ചിത്രത്തിലെ മേക്കപ്പിന് പട്ടണം റഷീദ് മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള അവാർഡ് ലഭിച്ചു. 2010 ലെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം വി. മണികണ്ഠനൊപ്പം സന്തോഷ് ശിവൻ പങ്കിട്ടു.


