റോഡപകടത്തിൽപ്പെട്ട തമിഴ്നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ചു. അപകടത്തിൽപ്പെട്ടയാളുടെ കൂടെ കൂട്ടിരിപ്പുകാരില്ലെന്ന് പറഞ്ഞാണ് വിവിധ അശൂപത്രികൾ ചികിത്സ നിഷേധിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ കൊല്ലത്താണ് ദാരുണമായ സംഭവമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് തിരുനെൽവേലി സ്വദേശി മുരുകനാണ് ഏഴു മണിക്കൂറിന് ശേഷം ഇന്ന് പുലർച്ചയോടെ മരണപ്പെട്ടത്. അപകടമുണ്ടായ ഉടൻ മുരുകനെ ഒരു സന്നദ്ധ സംഘടനയുടെ ആംബുലൻസിൽ ആദ്യം കൊല്ലത്തെ മെഡിസിറ്റി ആശുപത്രിയിലാണ് എത്തിച്ചത്.
എന്നാൽ കൂടെ ആളില്ലാത്തതിനാൽ ആശുപത്രി അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നാണ് ആംബുലൻസ് ജീവനക്കാർ പറഞ്ഞത്. തുടർന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും വിവിധ സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും സമാനമായിരുന്നു പ്രതികരണം. ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അവിടെ വെന്റിലേറ്റർ സൗകര്യം ലഭ്യമായിരുന്നില്ല.
ഏഴു മണിക്കൂർ നീണ്ട ദുരിതത്തിനൊടുവിൽ ഇന്ന് പുലർച്ചെയോടെ ആണ് മരണപ്പെട്ടത്.
സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അജിതാ ബീഗം പറഞ്ഞത്. രോഗിക്ക് ചികിത്സ നിഷേധിച്ച കൊല്ലം മെഡിസിറ്റി ആശുപത്രിക്കെതിരെ കേസെടുക്കാൻ ഐജി മനോജ് എബ്രഹാം നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, രോഗിക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നുവെന്നും, വെന്റിലേറ്റർ ഒഴിവില്ലാത്തതിനിലാണ് വേറെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചതെന്നുമായിരുന്നു കൊല്ലം മെഡിസിറ്റി ആശുപത്രി മാനേജ്മെന്റിന്റെ പ്രതികരണം.


