അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം

സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേസില്‍ പ്രതിയായ അബിന്‍ ഒളിവില്‍ കഴിയുന്നത് പരവൂര്‍ പൊലീസിന്റെ ഒത്താശയോടാണെന്നാണ് ആക്ഷേപം. പ്രതിയുടെ ബന്ധുവായ സര്‍വീസില്‍ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നൈന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊല്ലം തട്ടത്തുമലയില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലിഷ് മീഡിയം സ്‌കുളിലെ അധ്യാപികയായ കാവ്യ ലാലിനെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 24നാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്കട സ്വദേശിയായ അബിന്‍ പ്രദീപെന്ന യുവാവുമായി കാവ്യ പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കണമെങ്കില്‍ വന്‍തുക സ്ത്രീധനമായി നല്‍കണമെന്ന് അബിനും ഇയാളുടെ മാതാവും ആവശ്യപ്പെട്ടതായി കാവ്യയുടെ ബന്ധുക്കള്‍ പറയുന്നു. ഇത് നല്‍കാന്‍ കഴിയില്ലെന്ന് കാവ്യ പറഞ്ഞതോടെ അബിന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. ഇതില്‍ മനംനൊന്താണ് കാവ്യ ആത്മമഹത്യ ചെയ്തതെന്ന് സഹോദരന്‍ പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അബിനെ പരവൂര്‍ പോലീസ് സഹായിക്കുന്നെ ആക്ഷേപവും ശക്തമാണ്. കാവ്യയുടെ ഡയറി പേജുകള്‍ പൊലീസ് കീറി മാറ്റിയതായും ആരോപണമുണ്ട്. അബിനെ പിടികൂടണമെന്നാവശ്യപ്പെട്ട് കൊട്ടിയത്ത് പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചു.

Top