തെലങ്കാന ടിആര്‍എസിന്!! കോണ്‍ഗ്രസ് 26 സീറ്റിലൊതുങ്ങും

ഹൈദരാബാദ്: എക്‌സിറ്റ് പോളുകളെ ശരിവച്ച് തെലങ്കാനയില്‍ ടിആര്‍എസിന്റെ വമ്പന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ തെലങ്കാനയില്‍ സ്വാധീനമുറപ്പിച്ചു. തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പ്രതിപക്ഷ കൂട്ടായ്മയായ ‘മഹാകൂടമി സഖ്യ’ത്തെ ബഹുദൂരം പിന്നിലാക്കിയാണു മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് കുതിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിനു മുമ്പ് ദക്ഷിണേന്ത്യയുടെ മനസ്സറിയാനുള്ള അവസരമായാണു ബിജെപി തെലങ്കാനയെ കണ്ടത്. ഇവിടെ നേരിയ സാന്നിധ്യം അറിയിക്കാന്‍ മാത്രമാണു ബിജെപിക്കു കഴിഞ്ഞത്.

80 സീറ്റില്‍ ലീഡ് നേടിയാണ് ടിആര്‍എസ് മുന്നേറ്റം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് 26 സീറ്റുകളിലേക്കും ഒതുങ്ങുകയായിരുന്നു. മറ്റുള്ളവര്‍ 10 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

നിലവിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും (ടിആര്‍എസ്) കോണ്‍ഗ്രസ്, തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവയുള്‍പ്പെട്ട മഹാകൂടമി സഖ്യവും തമ്മിലായിരുന്നു പ്രധാന മല്‍സരം. ബിജെപി, എഐഎംഐഎം, സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് എന്നിവയും കളത്തിലുണ്ടായിരുന്നു. 8 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എഐഎംഐഎം മറ്റു മണ്ഡലങ്ങളില്‍ ടിആര്‍എസിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അസദുദീന്‍ ഒവൈസിയെ മാറ്റിനിര്‍ത്തിയാല്‍ സഹകരിക്കാമെന്ന വാഗ്ദാനം ബിജെപി നല്‍കിയിരുന്നു.

67% പോളിങ്ങാണു തെലങ്കാനയില്‍ രേഖപ്പെടുത്തിയത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന ബിജെപിവിരുദ്ധ വിശാലസഖ്യത്തിന്റെ പരീക്ഷണശാല കൂടിയാണു തെലങ്കാന. 119 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ടിആര്‍എസിനെതിരെയും ബിജെപിക്കെതിരെയും മികച്ച വിജയം നേടാനായാല്‍ കോണ്‍ഗ്രസ് സഖ്യത്തിനു കൂടുതല്‍ ആത്മവിശ്വാസത്തോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സഖ്യം രൂപീകരിക്കാനാകും എന്നായിരുന്നു പ്രതീക്ഷ.

Latest
Widgets Magazine