ഭീകര പ്രവര്‍ത്തനത്തിന് പദ്ധതിയിട്ട ഗോ രക്ഷാ പ്രവര്‍ത്തകര്‍ പിടിയില്‍; പിടിയിലായത് സ്‌ഫോടക വസ്തുക്കളോടൊപ്പം

മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ ഭീകര പ്രവര്‍ത്തനത്തിന് പദ്ധതിയിട്ട ഹിന്ദു ഗോവംശ് രക്ഷാസമിതി പ്രവര്‍ത്തകര്‍ പിടിയില്‍. ഗോ രക്ഷയുടെ പേരില്‍ തീവ്രവാദം പ്രചരിപ്പിക്കുകയായിരുന്നു സംഘം. സ്‌ഫോട വസ്തുക്കളുമായാണ് സംഘത്തെ പിടികൂടിയത്. മഹാരാഷ്ട്ര ഭീകര വിരുദ്ധസേനയാണ് ഇവരെ പിടികൂടിയത്.

തീവ്രനിലപാടുകളുള്ള ഹിന്ദുസംഘടനകളുമായി ബന്ധമുള്ള മൂന്നുപേരെ വെള്ളിയാഴ്ചയാണ് എ.ടി.എസ്. അറസ്റ്റു ചെയ്തത്. ഹിന്ദു ഗോവംശ് രക്ഷാസമിതിയുടെ നേതാവ് വൈഭവ് റാവുത്തി(40)നെ മുംബൈയ്ക്കടുത്ത് നല്ലസപോരയില്‍നിന്നാണ് പിടികൂടിയത്. റാവുത്തില്‍നിന്ന് കിട്ടിയ വിവരമനുസരിച്ച് ശരദ് കലസ്‌കര്‍ (25), സുധന്‍വ ഗോണ്ഡല്‍ക്കര്‍ (39) എന്നിവരെയും അറസ്റ്റുചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കലാസ്‌കറും നല്ലസപോരയില്‍നിന്നാണ് അറസ്റ്റിലായത്. ശിവ പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാനിന്റെ പ്രവര്‍ത്തകനായ ഗോണ്ഡല്‍ക്കറിനെ പുണെയില്‍നിന്നാണ് പിടികൂടിയത്. റാവുത്തിന്റെ വീട്ടില്‍നിന്ന് എട്ടും ഓഫീസില്‍നിന്ന് പന്ത്രണ്ടും ബോംബുകള്‍ കണ്ടെടുത്തതായി എ.ടി.എസ്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അതുല്‍ചന്ദ്ര കുല്‍ക്കര്‍ണി അറിയിച്ചു. ഇതിനുപുറമേ ജെലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും വിഷക്കുപ്പിയും മറ്റു ചില ഉപകരണങ്ങളും തിരച്ചിലില്‍ കിട്ടിയിരുന്നു.

കലസ്‌കറിന്റെ വീട്ടില്‍നിന്ന് ബോംബുണ്ടാക്കുന്നതിന്റെ രൂപരേഖയും കണ്ടെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുംബൈ, പുണെ, നല്ലസപോറ, സതാറ, കോലാപ്പുര്‍ എന്നിവിടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ചിലര്‍ പദ്ധതിയിടുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്നാണ് റാവുത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് എ.ടി.എസ്. അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പിടിച്ചെടുത്ത ബോംബുകളെല്ലാം ഉപയോഗസജ്ജമാണെന്നും അതുണ്ടാക്കിയവരുടെ ലക്ഷ്യമെന്തെന്നും അവരുടെ പിന്നിലുള്ളത് ആരൊക്കെയാണെന്നും അന്വേഷിച്ചുവരികയാണെന്നും എ.ടി.എസ്. അറിയിച്ചു. സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരല്ല ഇവരെന്ന് സംഘടന പറയുന്നുണ്ടെങ്കിലും അന്വേഷണസംഘം അത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും അന്ധവിശ്വാസത്തിനെതിരെ പടനയിച്ച നരേന്ദ്ര ധാബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും വധിച്ച സംഭവത്തില്‍ പങ്കുണ്ടെന്നുകരുതുന്ന സനാതന്‍ സന്‍സ്ഥയുമായി ഇവര്‍ക്കുബന്ധമുണ്ടെന്നാണ് എ.ടി.എസ്. കരുതുന്നത്. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് അറസ്റ്റുചെയ്ത ചിലരില്‍നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് മഹാരാഷ്ട്ര എ.ടി.എസ്. റാവുത്തിനെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. സാമൂഹിക സംഘര്‍ഷത്തിന് ശ്രമിച്ചതിന് നേരത്തേതന്നെ നിയമനടപടി നേരിട്ടയാളാണ് റാവുത്ത്.

Top