കൊച്ചി: നെല്ല് സംഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിനായി ഭക്ഷ്യവകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങിപ്പോയി. യോഗത്തില്‍ മില്ലുടമകള്‍ എത്തിയില്ലെന്ന കാരണം പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു യോഗം. സിപിഐ മന്ത്രിമാര്‍ അടക്കമുള്ളവര്‍ യോഗത്തിനെത്തിയിരുന്നു. അഞ്ച് മിനിറ്റുകൊണ്ട് യോഗം അവസനാപ്പിച്ച് ക്ഷുഭിതനായി മുഖ്യമന്ത്രി ഇറങ്ങുകയായിരുന്നു. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി എത്തിയപ്പോള്‍ തന്നെ രംഗം അത്ര പന്തിയല്ലെന്ന് സൂചനകളുണ്ടായിരുന്നു.
സിപിഐയോടുള്ള അതൃപ്തിയാണ് യോഗം മാറ്റിവയ്ക്കാന്‍ കാരണമെന്നാണ് സൂചന. നാളെ തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് മുഖ്യമന്ത്രി മന്ത്രിമാരെ അറിയിച്ചു. കൃഷി, സിവില്‍ സപ്ലൈസ്, ധനകാര്യം, വൈദ്യുതി മന്ത്രിമാരാണ് യോഗത്തിനെത്തിയിരുന്നത്. മില്ലുടമകള്‍ നെല്ലെടുക്കാത്തത് കാരണം സംഭരണം മുടങ്ങിയ സാഹചര്യത്തിലാണ് യോഗം.
കൈകാര്യ ചെലവ് വര്‍ധിപ്പിക്കുക,സംഭരിച്ച നെല്ല് അരിയാക്കി തിരികെ സപ്ലൈകോയ്ക്കു നല്‍കുന്നതിന്റെ ശതമാനം 68ല്‍ നിന്ന് 64.5 ആക്കുക,പാലക്കാട് മില്ലുകാരുടെ മേല്‍ ചുമത്തിയ ജി.എസ്.ടി പിന്‍വലിക്കുക തുടങ്ങിയവയാണ് മില്ലുടമകളുടെ സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. സമവായം ഉണ്ടാക്കുന്നതിനായി മന്ത്രിമാരായ കെ.എന്‍.ബാലഗോപാലും ജി.ആര്‍.അനിലും മില്ലുടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.










