സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംസ്ഥാന നേതൃത്വത്തിന് പിഴച്ചു! തോല്‍വിയില്‍ സിപിഐക്കും പഴി; സിപിഐഎം റിവ്യൂ റിപ്പോര്‍ട്ട്

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎമ്മില്‍ ആഭ്യന്തര തിരുത്തലുകള്‍ക്ക് വഴിതുറന്ന് പാര്‍ട്ടി സംസ്ഥാന സമിതി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട് സമ്മതിക്കുന്നു. ഇതിന് പുറമെ ചാത്തന്നൂര്‍, ചടയമംഗലം മണ്ഡലങ്ങളിലെ തോല്‍വിയുടെ പേരില്‍ ഘടകകക്ഷിയായ സി.പി.ഐയെയും റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംസ്ഥാന നേതൃത്വത്തിന് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മുന്‍ വാദങ്ങളെ പൂര്‍ണ്ണമായി തള്ളുന്നതാണ് സംസ്ഥാന സമിതി അംഗീകരിച്ച റിവ്യൂ റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി കോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്ത പേരുകള്‍ അപ്പാടെ അംഗീകരിച്ചതാണ് സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും പറ്റിയ വലിയ വീഴ്ചയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിവാദങ്ങളില്‍പെട്ട പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം തള്ളിക്കളയാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയണമായിരുന്നു. ഫണ്ട് വിവാദത്തിലടക്കം പെട്ട ടി.ഐ. മധുസൂദനനെ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി ഔദ്യോഗിക തീരുമാനങ്ങള്‍ക്കെതിരെ പലയിടത്തും വിമതന്മാര്‍ മത്സരിച്ചത് പാര്‍ട്ടിയുടെ പൊതുമധ്യത്തിലെ മതിപ്പ് കുറയ്ക്കാനും വിരുദ്ധര്‍ക്ക് ആയുധം നല്‍കാനും ഇടയാക്കിയെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ചാത്തന്നൂരിലും ചടയമംഗലത്തും എല്‍.ഡി.എഫ് നേരിട്ട ദയനീയ തോല്‍വിക്ക് കാരണം സിപിഐക്കുള്ളിലെ വിഭാഗീയതയും സംഘടനാപരമായ പാളിച്ചകളുമാണ്. എല്‍.ഡി.എഫിലെ മറ്റ് ഘടകകക്ഷികള്‍ മത്സരിച്ച കല്‍പ്പറ്റ, എലത്തൂര്‍, കോവളം, കുട്ടനാട് എന്നീ മണ്ഡലങ്ങളിലെ പരാജയത്തിന് കാരണവും കൃത്യമല്ലാത്ത സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെയാണ്. ജനപ്രിയമല്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതാണ് ഈ മണ്ഡലങ്ങളില്‍ മുന്നണിയെ തോല്‍പ്പിച്ചതെന്നും സി.പി.ഐ.എം റിവ്യൂ റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു.

 

Top