മലപ്പുറം: നിരവധി സ്ത്രീകളെ പീഡിപ്പിച്ചും എണ്ണമില്ലാത്ത മോഷണ കേസുകളില്‍ പ്രതി…തീവണ്ടിയിലെ തട്ടിപ്പറിക്കിടെ ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടിയല്‍ ഒരു കാല്‍ നഷ്ടപ്പെട്ടു..എന്നിട്ടും കുറ്റകൃത്യങ്ങളുടെ ലോകത്ത് നിനന്നും ഇയാള്‍ മോചിതനയില്ല.. വീണ്ടും സ്ത്രീ പീഡനത്തിന് പിടിക്കപ്പെടുമ്പോള്‍ ഈ കുറ്റവാളി കേരള പോലീസിന് അത്ഭുതമാവുകയാണ്….
വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഗഫൂറിന്റെ പൂര്‍വ്വ കാല ചരിത്രം പുറത്തറിയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ മുപ്പതോളം കേസുകളഉണ്ട്.
വിവാഹവാഗ്ദാനങ്ങള്‍ നല്‍കിയും അല്ലാതെയും സ്ത്രീകളെ കബളിപ്പിച്ച് വലയിലാക്കുകയാണ് ഗഫൂറിന്റെ പ്രധാന ഹോബി. വരുതിക്കുള്ളിലായെന്നു കണ്ടാല്‍ സ്ത്രീകളെ പീഡനത്തിനിരയാക്കുകയും പിന്നീട് ഇവരെ ഉപേക്ഷിച്ച് കടന്നുകളയുകയുമാണ് പതിവ്. വികലാംഗനെന്ന അനുകമ്പ പിടിച്ചുപറ്റിയാണ് ഇയാള്‍ സ്ത്രീകള്‍ തനിച്ചുള്ള പല വീടുകളിലും കടന്നുകൂടിയിരുന്നത്. 1998ല്‍ മോഷണശ്രമത്തിനിടെ ട്രെയിനില്‍നിന്നു വീണായിരുന്നു ഗഫൂറിന്റെ ഒരു കാല്‍ നഷ്ടപ്പെട്ടത്. എന്നാല്‍ പിന്നീട് കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്നു വിട്ടുനില്‍ക്കാന്‍ ഗഫൂര്‍ തയ്യാറായതേയില്ല. നിരന്തരം പൊലീസും കോടതിയുമായി നടന്നു.
വിവാഹബന്ധം വേര്‍പെടുത്തിയവരോ വിധവകളോ ആയ സ്ത്രീകളെയായിരുന്നു ഇയാള്‍ കുരുക്കില്‍ അകപ്പെടുത്തിയിരുന്നത്. ഇത്തരത്തില്‍ വലയില്‍ അകപ്പെടുന്ന സ്ത്രീകളെ യഥേഷ്ടം ഉപയോഗിച്ച ശേഷം സ്വര്‍ണവും പണവുമെല്ലാം ഇയാള്‍ സ്വന്തമാക്കുകയും കടന്നുകളയുകയുമാണ്. എന്നാല്‍ സ്ത്രീകളില്‍ പലരും പരാതിയുമായി രംഗത്തു വരാത്തത് ഇയാളെ കൂടുതല്‍ കൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. പത്രങ്ങളില്‍ പരസ്യം നല്‍കിയും ഓരോ പ്രദേശത്തെയും വിവാഹ ബ്രോക്കര്‍മാരെ ബന്ധപ്പെട്ടുമായിരുന്നു കൂടുതല്‍ സ്ത്രീകളെ ഇയാള്‍ ചതിക്കുഴിയില്‍ അകപ്പെടുത്തിയത്. മറ്റൊരു പീഡനക്കേസില്‍ ജയിലില്‍ കഴിയുമ്പോഴായിരുന്നു മഞ്ചേരി പയ്യനാടുള്ള വിവാഹ ബ്രോക്കര്‍ വഴി മുപ്പതുകാരിയായ യുവതിയെ പരിചയപ്പെടുന്നത്.
വിവാഹമോചിതയായി കഴിയുന്ന ഈ യുവതി മറ്റൊരു വിവാഹാലോചന തേടുന്നതിനിടെയാണ് ബ്രോക്കര്‍ ഗഫൂറിനെ പരിചയപ്പെടുത്തിയത്. 12 ലക്ഷം തന്റെ കൈവശമുണ്ടെന്നും ജാമ്യത്തിലിറക്കിയാല്‍ വിവാഹം കഴിക്കാമെന്നും യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്ന് യുവതിയും ബ്രോക്കറും ചേര്‍ന്ന് ഇയാളെ ജാമ്യത്തിലിറക്കി. ശേഷം കഴിഞ്ഞം ഫെബ്രുവരിയില്‍ യുവതിയെയും മാതാവിനെയും കോഴിക്കോട്ട് കൊണ്ടുപോവുകയും അവിടെ വച്ച് യുവതിയെ നിക്കാഹ് കഴിച്ചുവെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.
പിന്നീട് ഭാര്യയായി യുവതിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള ഗഫൂറിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുകയും ഇയാള്‍ മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വിവരം ലഭിക്കുകയും ചെയ്തതോടെ യുവതി കെണിയില്‍ അകപ്പെട്ടതായി തിരിച്ചറിയുകയായിരുന്നു. ഇതേതുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു കാണിച്ചു യുവതി മഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പാലക്കാട് പെരിങ്ങോട് സ്വദേശിയായ മധുപ്പുള്ളി വെളുത്തവളപ്പില്‍ അബ്ദുല്‍ ഗഫൂറിനെ മഞ്ചേരി സി.ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള എസ്.ഐ എസ്.ബി കൈലാസ് നാഥ്, സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, മുഹമ്മദ് സലീം എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. മാതൃസഹോദരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഇയാളെ നേരത്തെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഈ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി കണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഗഫൂര്‍ കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി താമസിച്ചു വരികയും ഇവിടങ്ങളിലെല്ലാം അവിഹിതബന്ധം സ്ഥാപിക്കുകയും ചെയ്തു.
അതിനിടെ മറ്റൊരു പീഡനക്കേസില്‍ ഇയാള്‍ വീണ്ടും ശിക്ഷ അനുഭവിച്ചു. തിരൂരില്‍ പരിചയപ്പെട്ട സ്ത്രീയെയും അവരുടെ പതിനേഴുകാരിയായ മകളുമായി മങ്കടയില്‍ ഏതാനും ദിവസം താമസിക്കുകയും ചെയ്തു. പിന്നീട് മകളെ പീഡിപ്പിച്ചെന്ന കേസില്‍ മാതാവ് പരാതിയുമായി ഇയാള്‍ക്കെതിരെ രംഗത്തു വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മങ്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മഞ്ചേരി സബ്ജയിലില്‍ കഴിയുന്നതിനിടെയാണ് ബ്രോക്കര്‍ മുഖേന പരാതിക്കാരിയായ മുപ്പതുകാരിയെ പരിചയപ്പെട്ടത്. ഈ കേസിലും കോടതി റിമാന്‍ഡ് ചെയ്ത ഗഫൂര്‍ ജയിലില്‍ കഴിയുകയാണ്.


